കേരളം

kerala

ETV Bharat / bharat

UCC| ഏകീകൃത സിവിൽ കോഡ് ചർച്ച ചെയ്യാൻ കോൺഗ്രസ് നേതാക്കൾ ഇന്ന് യോഗം ചേരും, പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കും

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ പാർട്ടി നിലപാട് ചർച്ച ചെയ്യാനും പാര്‍ലമെന്‍റിൽ അവതരിപ്പിക്കാനുമായി കോൺഗ്രസ് ഇന്ന് യോഗം ചേരും

ഏകീകൃത സിവിൽ കോഡ്  UCC  കോൺഗ്രസ്  സോണിയ ഗാന്ധി  യുസിസി  പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം  Sonia Gandhi  Uniform Civil Code  monsoon session of Parliament  Congress Parliamentary party meting
UCC

By

Published : Jul 1, 2023, 6:12 PM IST

ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡിൽ കോൺഗ്രസ് നിലപാട് ചർച്ച ചെയ്യാൻ പാർട്ടി നേതാക്കളുമായി ഇന്ന് സോണിയ ഗാന്ധി യോഗം ചേരും. ജൂലൈ 20 മുതൽ തുടങ്ങുന്ന പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡിൽ പാർട്ടി നിലപാട് വ്യക്തമാക്കാനാണ് ഇന്ന് അടിയന്തരമായി യോഗം ചേരുന്നത്. ഇതിന് പുറമെ മണിപ്പൂർ കലാപം, ചൈനീസ് കടന്നുകയറ്റം, വിലക്കയറ്റം, അദാനിക്കെതിരായ ജെപിസി എന്നിവയുൾപ്പെടെയുള്ള മറ്റ് നിർണായക വിഷയങ്ങളിൽ പ്രതിപക്ഷം ഐക്യം എങ്ങനെ ശക്തിപ്പെടുത്തുമെന്നും പാർട്ടി ചർച്ച ചെയ്യും.

പാർലമെന്‍ററി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി, ജയറാം രമേഷ്, പി ചിദംബരം, പ്രമോദ് തിവാരി, ഗൗരവ് ഗൊഗോയ്, കെ സുരേഷ്, മാണിക്കം ടാഗോർ തുടങ്ങി ഇരുസഭകളിലെയും പ്രധാന നേതാക്കളും പങ്കെടുക്കും. മൺസൂൺ സമ്മേളനത്തിൽ പാർലമെന്‍റിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും സർക്കാരിനെ ശക്തമായി നേരിടുമെന്നും യോഗത്തെ കുറിച്ച് അധീർ രഞ്‌ജൻ ചൗധരി പ്രതികരിച്ചു. തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപി നേട്ടമായി ചൂണ്ടിക്കാട്ടാൻ സാധ്യതയുള്ള ഒന്നാണ് യുസിസി.

2023 ജൂണിൽ 22 മത് ലോ കമ്മിഷൻ ഓഫ് ഇന്ത്യ ഏകീകൃത സിവിൽ കോഡ് പരിശോധിക്കാനുള്ള തീരുമാനം അറിയിച്ചിരുന്നു. നിയമ നീതി മന്ത്രാലയത്തിന്‍റെ പരാമർശത്തെ തുടർന്നായിരുന്നു നിർദേശം. വിഷയത്തിൽ രാജ്യത്ത് സമുദായങ്ങൾക്കനുസൃതമായി വ്യത്യസ്‌ത നിയമങ്ങൾ വേണ്ടെന്നും ഭരണഘടന അനുശാസിക്കുന്ന പോലെ ഏകീകൃത നിയമമാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറയുകയും ചെയ്‌തിരുന്നു.

ബിജെപിയുടെ കെണിയിൽ വീഴരുത് :ജൂൺ 28 ന് ഛത്തീസ്‌ഗഢിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ അവലോകനം ചെയ്യാൻ മുതിർന്ന സംസ്ഥാന നേതാക്കളുമായി ചേർന്ന യോഗത്തിൽ കോൺഗ്രസിന് ഭരണഘടനയും അതിന്‍റെ മൂല്യങ്ങളും പരമോന്നതമാണെന്നും എന്നാൽ തിരക്ക് പിടിച്ച് തീരുമാനം എടുത്ത് പാർട്ടി നേതാക്കൾ ബിജെപിയുടെ കെണിയിൽ വീഴരുതെന്നും യുസിസി വിഷയം ചൂണ്ടിക്കാട്ടി രാഹുൽ പരാമർശിച്ചിരുന്നു. അതേസമയം ഛത്തീസ്‌ഗഢിൽ യുസിസി ഒരു പ്രശ്‌നമായി ഉയരില്ലെന്നും ബിജെപി അതിന് ശ്രമിച്ചാൽ കർണാടകയിൽ സംഭവിച്ചത് പോലെ ഇവിടെയും പരാജയം നേരിടേണ്ടി വരുമെന്നും സംസ്ഥാന ഉപമുഖ്യമന്ത്രി ടിഎസ് സിംഗ് ദിയോ അഭിപ്രായപ്പെട്ടു. ഏകീകൃത സിവിൽ കോഡിൽ ഇപ്പോൾ തന്നെ വ്യത്യസ്‌തമായ പ്രതികരണങ്ങളാണ് ഓരോ പാർട്ടികളിൽ നിന്നും ഉയരുന്നത്.

കോൺഗ്രസിനെ പിന്തുണച്ചും തള്ളിയും എഎപി : എഎപിയും ശിവസേന യുബിടിയും യുസിസിയെ പിന്തുണക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ഡിഎംകെ, ടിഎംസി, എൻസിപി, എസ്‌എഡി തുടങ്ങിയ പാർട്ടികൾ ഈ നീക്കത്തെ എതിർത്തിരിക്കുകയാണ്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് ശിവസേന യുബിടിയും എഎപിയും കോൺഗ്രസിനൊപ്പം ചേർന്നിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട ഡൽഹി ഓർഡിനൻസിൽ എഎപി കോൺഗ്രസിനെ വിമർശിച്ചിരുന്നു. ജൂലൈ 14 ന് ബെംഗളൂരുവിൽ രണ്ടാം പ്രതിപക്ഷ യോഗത്തിന് ആതിഥേയത്വം വഹിക്കാനിരിക്കുന്ന കോൺഗ്രസിന് വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ ഐക്യം ഉണ്ടാക്കിയെടുക്കുക നിർണായകമാണ്.

ABOUT THE AUTHOR

...view details