ന്യൂഡൽഹി :പലസ്‌തീൻ സംഘടനയായ ഹമാസിനെ ഇന്ത്യയിൽ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട രേഖയിൽ ഒപ്പുവച്ചിരുന്നുവെന്ന പ്രചരണം നിഷേധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി (Meenakshi Lekhi denies approving Hamas question in Parliament). ലോക്‌സഭ വെബ്‌സൈറ്റിൽ ലഭ്യമായ പാർലമെന്‍റ് ചോദ്യത്തിനുള്ള മറുപടിയെക്കുറിച്ചുള്ള പേപ്പർ സാമൂഹിക മാധ്യമ ഉപയോക്താക്കളും മാധ്യമ പ്രവർത്തകരും പങ്കുവച്ചതിന് പിന്നാലെയാണ് എക്‌സിലൂടെ ലേഖിയുടെ പ്രതികരണം.
ഹമാസിനെ ഇന്ത്യയിൽ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പേപ്പറിലും താൻ ഒപ്പിട്ടിട്ടില്ലെന്ന് മീനാക്ഷി ലേഖി പോസ്റ്റിന് മറുപടിയായി പറഞ്ഞു. വിഷയത്തിൽ ഔദ്യോഗിക അന്വേഷണം നടത്തി കുറ്റവാളിയെ കണ്ടെത്തുമെന്നും മന്ത്രി കൂട്ടിചേർത്തു.
കോൺഗ്രസ് എംപി കെ സുധാകരൻ ആണ് ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. ലോക്‌സഭയുടെയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും വെബ്‌സൈറ്റിൽ ലഭ്യമായ രേഖയിൽ ഹമാസിനെ ഇന്ത്യയിൽ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് എന്തെങ്കിലും നിർദേശമുണ്ടോയെന്നായിരുന്നു ചോദ്യം. ഇസ്രയേൽ അത്തരത്തിലുള്ള എന്തെങ്കിലും ആവശ്യം ഉന്നയിച്ചിട്ടുണ്ടോയെന്നും കോൺഗ്രസ് എംപി ചോദിച്ചു.
ഒരു സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് മീനാക്ഷി ലേഖി മറുപടിയിൽ പറയുന്നു. ഏതെങ്കിലും സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നത് ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പരിഗണിക്കുമെന്നും ലേഖി വ്യക്തമാക്കി.