പ്രയാഗ്‌രാജ് (യുപി):മരിച്ച് മണ്ണോട് ചേരേണ്ട ഭൗതിക ശരീരം പഠനാവശ്യത്തിനായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വിട്ടുനല്‍കാന്‍ നിരവധി പേരാണ് ഇന്ന് സന്നദ്ധത പ്രകടിപ്പിക്കുന്നത്. ശാസ്ത്രം പുരോഗതിയുടെ പടവുകൾ കയറുമ്പോൾ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതി ബസു മുതല്‍ മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച സിപിഎം നേതാവ് എംസി ജോസഫൈന്‍ വരെയുള്ള പ്രമുഖര്‍ സ്വശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ദാനം നല്‍കിയവരാണ്.
ജീവിച്ചിരിക്കുമ്പോള്‍ മൃതദേഹം ദാനം ചെയ്യാന്‍ മുന്നോട്ട് വരുന്നവരുടെ എണ്ണം മുന്‍കാലത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ടെന്നതാണ് യാഥാർഥ്യം. മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന ജനതക്കിടയില്‍ ശാസ്‌ത്രത്തെ മുറുകെ പിടിക്കുന്നവരോ മതവിശ്വസങ്ങള്‍ക്ക് പുറം തിരിഞ്ഞ് നില്‍ക്കുന്നവരോ ആയിരിക്കും മരണശേഷം ശരീരം ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കിയിട്ടുണ്ടാവുക. മറ്റെല്ലാത്തിലുമെന്നതുപോലെ ഉത്തരേന്ത്യയില്‍ ഇക്കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമാണ്.
ഈ ദൃശ്യങ്ങൾ കാണണം: മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുനല്‍കുന്ന മൃതദേഹത്തെ ആചാര-അനുഷ്‌ഠാനങ്ങളോടെ സ്വീകരിക്കുന്നതാണ് യുപിയിലെ പ്രയാഗ്‌രാജിലെ മോത്തിലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലെ രീതി. മരണശേഷം ആശുപത്രിക്ക് നല്‍കുന്ന മൃതദേഹത്തില്‍ പൂമാല ചാര്‍ത്തി ആചാര-അനുഷ്‌ഠാനങ്ങളോടെ സ്വീകരിക്കുകയാണ് ഇവിടെ. മൃതദേഹത്തോടുള്ള ആദരവ് അര്‍പ്പിക്കലാണ് പ്രവൃത്തിക്ക് പിന്നിലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം.