മുംബൈ:മറാത്ത സംവരണത്തിനായി (Maratha Reservation) പ്രതിഷേധം തുടരവെ, പ്രതിഷേധക്കാര്‍ക്ക് പ്രതികൂലമായി നേതാവ് മനോജ് ജാരങ്കേ പാട്ടീലിന്‍റെ (Manoj Jarange Patil) ആരോഗ്യനില വഷളായി. ജല്‍നയില്‍ പ്രതിഷേധം ആരംഭിച്ച് ഒമ്പതാം ദിവസമാണ് മനോജ് പാട്ടീലിന്‍റെ ആരോഗ്യനില വഷളായത്. ഇതെത്തുടര്‍ന്ന് അദ്ദേഹത്തിന് സംസാരിക്കാനും ബുദ്ധിമുട്ട് നേരിട്ടു. സംഭവത്തെ തുടര്‍ന്ന് അഡിഷണല്‍ ഡയറക്‌ടര്‍ ജനറല്‍ (ADG) സഞ്‌ജയ് സക്‌സേന (Sanjay Saxena) ബുധനാഴ്‌ച (06.09.2023) അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
പ്രതിഷേധവും ലാത്തിച്ചാര്‍ജും: ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 29 നാണ് അന്തര്‍വാലി ഗ്രാമത്തില്‍ മറാത്ത സംവരണത്തിനായി മനോജ് ജാരങ്കേ പാട്ടീല്‍ പ്രതിഷേധം ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി സംവരണ വിഷയത്തില്‍ നിലപാടറിയിക്കാന്‍ അദ്ദേഹം സര്‍ക്കാരിന് രണ്ടുദിവസം സമയവും നല്‍കി. എന്നിട്ടും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് നടപടികള്‍ കാണാതായതോടെയാണ് മനോജ് പാട്ടീല്‍ പ്രതിഷേധത്തിലേക്ക് കടക്കുന്നത്.
എന്നാല്‍ സെപ്‌റ്റംബര്‍ ഒന്നിന് അന്തര്‍വാലിയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ഈ ആക്രമണത്തില്‍ ഇരുവശത്ത് നിന്നും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഇതോടെയാണ് മനോജ് പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള സംവരണത്തിനായുള്ള പ്രതിഷേധം പുറം ലോകമറിയുന്നത്.
തലപുകഞ്ഞ് സര്‍ക്കാര്‍: ഇതോടെ മറാത്ത സംവരണത്തിനായുള്ള പ്രതിഷേധം ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിന് വലിയ വെല്ലുവിളിയുമായി. പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, കഴിഞ്ഞദിവസം നാല് മന്ത്രിമാരടങ്ങുന്ന സംഘത്തെ ചര്‍ച്ചയ്‌ക്കായും അയച്ചു. എന്നാല്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ മനോജ് പാട്ടീല്‍ തയ്യാറായില്ല. പിന്നാലെ ഷിന്‍ഡെ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.