ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണം 'മന്‍ കി ബാത്ത്' 100-ാം എപ്പിസോഡ് ഇന്ന് പ്രക്ഷേപണം ചെയ്യും. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് 100-ാം എപ്പിസോഡ് പ്രക്ഷേപണം ചെയ്യുന്നതോടെ ഇതൊരു ചരിത്ര നിമിഷമാകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ആളുകള്‍ ചരിത്ര എപ്പിസോഡ് കേള്‍ക്കാന്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
2014 ഒക്ടോബർ മൂന്നിനാണ് മന്‍ കി ബാത്ത് ആരംഭിച്ചത്. പിന്നാലെ സ്ത്രീകൾ, യുവാക്കൾ, കർഷകർ തുടങ്ങി ഒന്നിലധികം സാമൂഹിക ഗ്രൂപ്പുകളെ അഭിസംബോധന ചെയ്യുന്ന സര്‍ക്കാരിന്‍റെ പൗര-സമ്പർക്ക പരിപാടിയുടെ പ്രധാന മുഖമായി മാറുകയായിരുന്നു മന്‍ കി ബാത്ത്. ഒപ്പം സാമൂഹിക പ്രവർത്തനത്തിന് പ്രേരണ നൽകുകയും ചെയ്‌തു.
22 ഇന്ത്യൻ ഭാഷകൾക്കും 29 ഉപഭാഷകൾക്കും പുറമെ, ഫ്രഞ്ച്, ചൈനീസ്, ഇന്തൊനേഷ്യൻ, ടിബറ്റൻ, ബർമീസ്, ബലൂചി, അറബിക്, പഷ്‌തോ, പേർഷ്യൻ, ദാരി, സ്വാഹിലി തുടങ്ങി 11 വിദേശ ഭാഷകളിലും മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നുണ്ട്. ആകാശവാണിയുടെ 500-ലധികം കേന്ദ്രങ്ങളിലാണ് മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നത്. 100 കോടിയിലധികം ആളുകൾ മൻ കി ബാത്ത് കേള്‍ക്കാന്‍ ഇടയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മന്‍ കി ബാത്തിലൂടെ ജനങ്ങളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിക്കുകയാണ് ചെയ്യുന്നത്. സമൂഹത്തിന്‍റെ താഴെ തട്ടില്‍ മാറ്റമുണ്ടാക്കുന്നവരുടെ നേട്ടങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്യുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാനും സ്വാധീനം ചെലുത്താനും മന്‍ കി ബാത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ശുചിത്വവും ശുചീകരണ നടപടികളും, ആരോഗ്യം, ക്ഷേമം, ജല സംരക്ഷണം, സുസ്ഥിരത എന്നിങ്ങനെ അഞ്ച് വിഷയങ്ങള്‍ മന്‍ കി ബാത്തുമായി പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നു.
Also Read:നൂറിന്‍റെ നിറവില്‍ മന്‍ കി ബാത്ത്; കേരളം പ്രധാനമന്ത്രിക്ക് പ്രഭാഷണ വിഷയമായത് 12 തവണ
മൻ കി ബാത്തിന്‍റെ നൂറാം എപ്പിസോഡ് അവിസ്‌മരണീയമാക്കാൻ ബിജെപി വൻതോതിലുള്ള പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. രാജ്യത്തെ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും ആളുകൾക്ക് പരിപാടി കേള്‍ക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് ബിജെപിയുടെ പദ്ധതി. പരിപാടി രാജ്യത്തെ രാജ്ഭവനുകളിൽ ദൂരദർശൻ തത്സമയം സംപ്രേക്ഷണം ചെയ്യും. മൻ കി ബാത്തിന്‍റെ മുൻ പതിപ്പുകളിൽ പ്രധാനമന്ത്രി പരാമർശിച്ച മഹാരാഷ്ട്രയിൽ നിന്നുള്ള പൗരന്മാർക്കും സംസ്ഥാനത്തെ മറ്റ് പ്രമുഖ വ്യക്തികൾക്കും മുംബൈയിലെ രാജ്ഭവനില്‍ പരിപാടി കേള്‍ക്കാനുള്ള സൗകര്യം ഒരുക്കും.
മന്‍ കി ബാത്ത് നൂറാം എപ്പിസോഡിനോടനുബന്ധിച്ച് നടന്ന ദേശീയ കോണ്‍ക്ലേവില്‍, രാജ്യത്തെ ജനാധിപത്യത്തിന്‍റെ അടിത്തറ ശക്തിപ്പെടുത്തിയ അതുല്യമായ പരിപാടിയായിരുന്നു മൻ കി ബാത്ത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്, കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രി അനുരാഗ് താക്കൂർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മൻ കി ബാത്തിന്‍റെ 100 എപ്പിസോഡുകളെ അനുസ്‌മരിക്കുന്ന സ്റ്റാമ്പിന്‍റെയും നാണയത്തിന്‍റെയും പ്രകാശനവും നടന്നിരുന്നു.