ഇംഫാൽ (മണിപ്പൂർ): മണിപ്പൂരിൽ സുരക്ഷ സേനയും ജനക്കൂട്ടവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് തീയിടാനും പ്രതിഷേധക്കാർ ശ്രമിച്ചതായി സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. വ്യത്യസ്‌ത സംഭവങ്ങളിൽ, ബിഷ്‌ണുപൂർ ജില്ലയിലെ ക്വാക്തയിലും (Kwakta in Bishnupur district) ചുരചന്ദ്പൂർ ജില്ലയിലെ കാങ്‌വായിയിലും (Kangvai in Churachandpur district) രാത്രി വെടിവയ്‌പ്പ് റിപ്പോർട്ട് ചെയ്‌തു.
ഇംഫാൽ വെസ്റ്റിലെ ഇറിംഗ്ബാം പൊലീസ് സ്റ്റേഷനും കൊള്ളയടിക്കാനുള്ള ശ്രമം നടന്നു. എന്നാൽ, ആയുധങ്ങളൊന്നും മോഷണം പോയിട്ടില്ല. പാലസ് കോമ്പൗണ്ടിന് സമീപമുള്ള കെട്ടിടങ്ങൾ കത്തിക്കാൻ 1,000 പേരടങ്ങുന്ന ജനക്കൂട്ടം ഒത്തുചേർന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ മണിപ്പൂർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF) കണ്ണീർ വാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു.
അസം റൈഫിൾസും മണിപ്പൂർ ആർഎഎഫും സൈന്യവും സംയുക്തമായി ഇംഫാലിൽ അർധരാത്രി വരെ മാർച്ച് നടത്തി. എംഎൽഎ ബിശ്വജീത്തിന്‍റെ വസതിക്ക് തീയിടാനും പ്രതിഷേധക്കാർ ശ്രമിച്ചു. ഇത് റാപ്പിട് ആക്ഷൻ എയർഫോഴ്‌സ് തടയുകയും പ്രതിഷേധക്കാരെ പിരിച്ചുവിടുകയും ചെയ്‌തു.
സംഘർഷം രൂക്ഷം : അർധരാത്രിയിൽ മറ്റൊരു ജനക്കൂട്ടം സിന്‍ജെമൈയിലെ ബിജെപി ഓഫിസ് വളഞ്ഞെങ്കിലും സൈനിക നിര പ്രതിഷേധക്കാരുടെ ഈ ശ്രമവും പരാജയപ്പെടുത്തി. ഇംഫാലിലെ പോരംപേട്ടിനടുത്തുള്ള പ്രാദേശിക ബിജെപി നേതാവ് ശാരദാദേവിയുടെ വസതിയും അർധരാത്രിയോടെ ജനക്കൂട്ടം തകർക്കാൻ ശ്രമിച്ചു.
വ്യാഴാഴ്‌ച (ജൂൺ 15) രാത്രി ഇംഫാലിലെ കോങ്‌ബയിലുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ കെ രഞ്ജൻ സിങ്ങിന്‍റെ വസതിക്ക് ആൾക്കൂട്ടം തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവങ്ങൾ. വ്യാഴാഴ്‌ച ഉച്ചയോടെ ഇംഫാലിലെ ന്യൂ ചെക്കോൺ പ്രദേശത്ത് ജനക്കൂട്ടം രണ്ട് വീടുകൾക്ക് തീയിട്ടു.
ജൂൺ 13 ന് രാത്രി, ഖമെൻലോക് ഏരിയയിലെ ഈസ്റ്റ് ഇംഫാലിലെ പള്ളിയിൽ അക്രമികൾ വെടിവയ്പ്പ് നടത്തി. വെടിവയ്‌പ്പിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്തെ മെയ്‌തി, കുക്കി സമുദായക്കാർ തമ്മിൽ ഒരു മാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ നൂറിലധികം പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്.
മെയ് 3ന് പട്ടികവർഗ (എസ്‌ടി) പദവിക്കായി മെയ്‌തി സമുദായത്തിന്‍റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചതിന് ശേഷമാണ് ആദ്യം സംഘർഷമുണ്ടായത്. പിന്നീടുള്ള ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു. സംഘർഷത്തെ തുടർന്ന് സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 355 പ്രഖ്യാപിച്ചു. ചുരചന്ദ്‌പുര്‍, ഇംഫാല്‍ വെസ്റ്റ്, കാക്‌ചിങ്, തൗബാൾ, ജിരിബാം, ബിഷ്‌ണുപൂർ, കാംഗ്പോക്‌പി എന്നീ ഏഴ് ജില്ലകളിൽ സംഘർഷാവസ്ഥ രൂക്ഷമാണ്.
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തിസ് ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. ഗോത്രവർഗക്കാർ - നാഗകളും കുക്കികളും - ജനസംഖ്യയുടെ 40 ശതമാനവും മലയോര ജില്ലകളിലും താമസിക്കുന്നു.
Also read :Manipur Violence | കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ടു, സംഘര്‍ഷത്തിന് അയവില്ലാതെ മണിപ്പൂർ