ഇംഫാല്‍: മണിപ്പൂരിലെ ഈസ്റ്റ് ഇംഫാല്‍ ഖമെൻലോക് പ്രദേശത്തെ ക്രിസ്‌ത്യന്‍ പള്ളിക്കുള്ളിൽ ഉണ്ടായ വെടിവയ്പ്പിൽ സ്‌ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്‌ച രാത്രിയിലാണ് സംഭവം.
വെടിവയ്‌പ്പ് നടക്കുമ്പോൾ പള്ളിക്കുള്ളിൽ 25ലധികം പേർ ഉണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവരെ ഇംഫാലിലെ രാജ് മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കുക്കി വിഭാഗത്തിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ മേയില്‍ മണിപ്പൂരില്‍ മെയ്‌തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ വംശീയ കലാപത്തില്‍ 100 പേര്‍ കൊല്ലപ്പെടുകയും 310 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. മെയ്‌തി വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചതോടെയാണ് മണിപ്പൂരില്‍ സ്ഥിതി വഷളായത്. മെയ്‌തി വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്‍റ്സ് യുണിയന്‍ നടത്തിയ മാര്‍ച്ചില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതര വിഭാഗങ്ങള്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
മെയ് മൂന്നിനാണ് ആദ്യമായി മണിപ്പൂരില്‍ സംഘര്‍ഷം ഉണ്ടായത്. തൊട്ടടുത്ത ദിവസം സ്ഥിതി വഷളായതോടെ സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 355 പ്രഖ്യാപിച്ചു. ബാഹ്യ, ആഭ്യന്തര ആക്രമണങ്ങളില്‍ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 355. ചുരചന്ദപുര്‍, ഇംഫാല്‍ വെസ്റ്റ്, കാക്‌ചിങ്, തൗബാൾ, ജിരിബാം, ബിഷ്‌ണുപൂർ, കാംഗ്പോക്‌പി എന്നീ ജില്ലകളിലാണ് സംഘർഷം രൂക്ഷമായത്.