ന്യൂഡല്‍ഹി:മണിപ്പൂരിലെ വീഡിയോ കേസില്‍ അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സ്‌ത്രീകളെ വിവസ്‌ത്രരാക്കി തെരുവിലൂടെ നടത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തിലാണ് സര്‍ക്കാര്‍ അന്വേഷണം അന്വേഷണ ഏജന്‍സിയായ സിബിഐക്ക് കൈമാറിയത്. മാത്രമല്ല കേസില്‍ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വെള്ളിയാഴ്‌ച സുപ്രീംകോടതിയെ സമീപിക്കും.
പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വൈകാതെ തന്നെ സംഭവം ചിത്രീകരിച്ചയാളെ പൊലീസ് അറസ്‌റ്റ് ചെയ്യുകയും മൊബൈല്‍ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്‌തു. മാത്രമല്ല വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കണമെന്ന് ട്വിറ്റര്‍ ഉള്‍പ്പടെയുള്ളവരോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. കൂടാതെ സംസ്ഥാനത്ത് ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിനായി മെയ്‌തി, കുക്കി വിഭാഗങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചർച്ചകൾ നടത്തിയതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
എന്നാല്‍ സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ യോഗം സംഘടിപ്പിക്കരുതെന്ന് വിവിധ മെയ്‌തി സംഘടനകളോട് ഉള്‍പ്പടെ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നുവെങ്കിലും കോര്‍ഡിനേഷന്‍ കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്‍റഗ്രിറ്റി (സിഒസിഒഎംഐ) തങ്ങള്‍ മുന്‍നിശ്ചയിച്ച റാലിയുമായി മുന്നോട്ടുപോകുമെന്ന് വ്യാഴാഴ്‌ച അറിയിച്ചിരുന്നു. മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന തീവ്രവാദികൾക്ക് സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളിൽ പങ്കുണ്ട് എന്ന വസ്‌തുതയെ ചൂണ്ടിക്കാണിച്ചുള്ള റാലി സംഘടിപ്പിക്കാൻ അനുവദിക്കണമെന്ന് തങ്ങള്‍ പ്രാദേശിക ഭരണകൂടത്തോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചതെന്ന് സിഒസിഒഎംഐ കൺവീനർ അത്തൗബ ഇടിവി ഭാരതിനോട് അറിയിച്ചിരുന്നു.