ഇംഫാൽ : മണിപ്പൂരിൽ ഭീകരസംഘടനയായ കംഗ്ലേയ് യാവോൽ കണ്ണ ലുപ്പ് (കെവൈകെഎൽ) കേഡർമാരെ പിടികൂടിയ സൈനിക സംഘത്തെ തടഞ്ഞ് നാട്ടുകാർ. ജനക്കൂട്ടം വളഞ്ഞതോടെ പിടികൂടിയ ഭീകരരെ പ്രാദേശിക നേതാക്കൾക്ക് വിട്ടുനൽകി.
സെന്യത്തെ തടഞ്ഞത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം :ജൂൺ 24ന് രാവിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഇത്തം (ആന്ദ്രോയിൽ നിന്ന് 06 കിമീ കിഴക്ക്) ഗ്രാമത്തിൽ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. 12 കംഗ്ലേയ് യാവോൽ കണ്ണ ലുപ്പ് (കെവൈകെഎൽ) കേഡർമാരെ സുരക്ഷാസേന പിടികൂടി. ഇത് കൂടാതെ, ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തു.
എന്നാൽ, സ്‌ത്രീകളുടെ നേതൃത്വത്തിൽ 1200ലധികം വരുന്ന ജനക്കൂട്ടം ലക്ഷ്യസ്ഥാനം വളയുകയും ഓപ്പറേഷൻ തുടരുന്നതിൽ നിന്ന് സുരക്ഷാസേനയെ തടയുകയും ചെയ്‌തു. ഇതോടെ പിടികൂടിയ കെവൈകെഎൽ കേഡർമാരെ പ്രാദേശിക നേതാക്കൾക്ക് വിട്ടുകൊടുക്കേണ്ടിവന്നു.
സ്ത്രീകളുടെയും പ്രാദേശിക നേതാവിന്‍റെയും നേതൃത്വത്തിൽ ഏകദേശം 1200-1500 പേരടങ്ങുന്ന ജനക്കൂട്ടം ഉടൻ തന്നെ പ്രദേശം വളഞ്ഞു. ജനക്കൂട്ടത്തോട് ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ഓപ്പറേഷൻ തുടരാൻ അവര്‍ അനുവദിച്ചില്ലെന്ന് ഡിഫൻസ് പിആർഒ അറിയിച്ചു.
രോഷാകുലരായ ജനക്കൂട്ടത്തിനെതിരെ നടപടി സ്വീകരിച്ചാലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ കണക്കിലെടുത്താണ് പിടികൂടിയ ഭീകരവാദികളെ വിട്ടുനൽകിയത്. എന്നാൽ, ആയുധങ്ങങ്ങളടക്കമുള്ളവ പിടികൂടിയെന്നും ഡിഫൻസ് പിആർഒ അറിയിച്ചു.
പിടിയിലായ കേഡർമാരിൽ ഒരാൾ സ്വയം പ്രഖ്യാപിത ലെഫ്റ്റനന്‍റ് കേണൽ മൊയ്‌രാങ്‌തെം താംബ എന്ന ഉത്തമാണെന്ന് സുരക്ഷാസേന വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 2015-ൽ ഡോഗ്ര കേസിലെ ആറാം ബറ്റാലിയനിൽ പതിയിരുന്ന് ആക്രമണം നടത്തിയതിന്‍റെ സൂത്രധാരനായിരുന്നു ഇയാൾ.
മണിപ്പൂർ കലാപം, സർവകക്ഷി യോഗം : മണിപ്പൂരിലെ വംശീയ കലാപം ചർച്ച ചെയ്യാൻ ഇന്നലെ ഡൽഹിയിൽ സർവകക്ഷി യോഗം ചേർന്നിരുന്നു. മണിപ്പൂരിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി ഡിഎംകെ എംപി തിരുച്ചി ശിവ ഇന്നലെ അറിയിച്ചിരുന്നു.
Also read :Manipur riot| മണിപ്പൂരിൽ ക്രമസമാധാനം പുനഃസ്ഥാപിക്കും, സർവകക്ഷിയോഗത്തിൽ ഉറപ്പ് നൽകി അമിത് ഷാ
വടക്കുകിഴക്കൻ സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ കുറിച്ച് പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മേയ് 3 ന് മലയോര ജില്ലകളിൽ ഗോത്രവർഗ ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചതിന് പിന്നാലെ മണിപ്പൂരിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ നടന്നു. ഏറ്റുമുട്ടലിൽ 120 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 3,000 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
വിഷയത്തിൽ ഇടപെടണമെന്നും സംഘർഷത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മണിപ്പൂരിലെ പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാരിനോ സംസ്ഥാന സർക്കാരിനോ മണിപ്പൂരിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല എന്ന ആരോപണമാണ് ബിജെപിക്കെതിരെ ഉയരുന്നത്. അക്രമം തുടരുന്ന സാഹചര്യത്തിൽ അമിത് ഷാ കുറച്ച് ദിവസങ്ങൾക്ക് മുൻപ് മണിപ്പൂരിലെത്തി മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ സംഘർഷം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ മെയ്‌തി, കുക്കി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രകടനങ്ങൾ നടത്തിയിരുന്നു.