ഇംഫാല്‍: മണിപ്പൂരില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ ഒരു വയോധികനും മകനും അയല്‍വാസിയും ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ബിഷ്‌ണുപൂര്‍ ജില്ലയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. തോക്കുകളും വാളുകളുമായി ഭീകരവാദികള്‍ എന്ന് സംശയിക്കുന്ന ഒരു കൂട്ടം ആളുകള്‍ ക്വാക്‌ത്ത ലക്ഷ്‌മി ഗ്രാമത്തില്‍ എത്തുകയും വെടിയുതിര്‍ക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ് മൂന്ന് പേരുടെ ജീവന്‍ നഷ്‌ടമായത്.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രാമത്തിലുള്ള രണ്ട് പേരെയും സംഘം തട്ടിക്കൊണ്ട് പോയി എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പടരുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ശേഷിക്കുന്ന ഗ്രാമനിവാസികൾ മറ്റ് സ്ഥലങ്ങളിലേക്ക് ഓടിയൊളിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെടുത്തു.
യുംനാം പിശാക് മെയ്ത്തി(67), ഇയാളുടെ മക്കളായ യുംനാം പ്രേംകുമാര്‍ മെയ്‌ത്തി (39), ഇവരുടെ അയല്‍വാസിയായ യുംനാം ജിതേന്‍ മെയ്‌ത്തി (46) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതായുണ്ട്.
അക്രമികള്‍ ചുരാചന്ദ്പൂരില്‍ നിന്നും വന്നുവെന്നാണ് കരുതുന്നത്. ആക്രമണത്തിന് ശേഷം അവിടേയ്‌ക്ക് തന്നെ സംഘം തിരിച്ചുപോകുന്നതിനിടെ സുരക്ഷ ഉദ്യേോഗസ്ഥര്‍ തടഞ്ഞിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൂടാതെ, ഫൗഗക്കാവോയ്‌ക്ക് സമീപം സംസ്ഥാന സുരക്ഷ സേനയും ഭീകരരുമായി കനത്ത വെടിവെയ്‌പ്പ് നടന്നിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അനധികൃത ബങ്കറുകള്‍ തകര്‍ത്ത് പൊലീസ്:അതേസമയം, കഴിഞ്ഞ ദിവസം മണിപ്പൂരില്‍ വിവിധ ഭാഗങ്ങളില്‍ വീണ്ടും സംഘര്‍ഷമുണ്ടായതിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് അനധികൃത ബങ്കറുകള്‍ തകര്‍ത്തിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച ബിഷ്‌ണുപൂർ ജില്ലയിലെ കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലകളില്‍ കരസേനയും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും (ആർഎഎഫ്) കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചതില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു. മാത്രമല്ല സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കിഴക്ക് പടിഞ്ഞാറന്‍ ഇംഫാല്‍ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്‌തു.
ജില്ലയിലെ ക്രമസമാധാന നില തകരാറിലാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍, അനിഷ്‌ട സംഭവങ്ങള്‍ തടയുന്നതിനും ജീവനും സ്വത്തിനും നാശനഷ്‌ടങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ അഞ്ച് മണി മുതല്‍ രാത്രി എട്ട് മണി വരെ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചതായി ഇംഫാല്‍ വെസ്‌റ്റ് ജില്ല മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. കര്‍ഫ്യൂ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ഇത് മുഖേന പൊതുജനങ്ങളുടെ താമസസ്ഥലത്തിന് പുറത്തേക്കുള്ള സഞ്ചാരത്തില്‍ നിയന്ത്രണമുണ്ടായിരിക്കുമെന്നും ഉത്തരവിലുണ്ട്.
ആരോഗ്യം, വൈദ്യുതി, പെട്രോള്‍ പമ്പുകള്‍, സ്‌കൂളുകള്‍/കോളജുകള്‍, മുനിസിപ്പാലിറ്റി തുടങ്ങിയ അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട് ആളുകളുടെ സഞ്ചാരവും പത്ര- ഇലക്‌ട്രോണിക് മാധ്യമങ്ങള്‍, കോടതികളുടെ പ്രവര്‍ത്തനം, വിമാനത്താവളങ്ങളിലേക്കുള്ള വിമാന യാത്രക്കാരുടെ സഞ്ചാരം എന്നിവയും കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചിരുന്നു.
സംസ്‌കാരവും സംഘര്‍ഷവും: ഇതിനിടെ മണിപ്പൂരിലെ വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ട കുക്കി-സോമി വിഭാഗങ്ങളില്‍പെട്ട 35 പേരുടെ കൂട്ടസംസ്‌കാരം ചുരാചന്ദ്പൂർ ജില്ലയിലെ നിർദ്ദിഷ്‌ട ശ്‌മശാനത്തില്‍ നടത്തുന്നത് വ്യാഴാഴ്‌ച (03.08.2023) രാവിലെ മണിപ്പൂർ ഹൈക്കോടതി തടഞ്ഞിരുന്നു. വിഷയത്തിൽ ഒത്തുതീർപ്പിന് ശ്രമിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നിർദേശവും നൽകിയിരുന്നു. ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് എം.വി മുരളീധരനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.