ഇംഫാൽ: മണിപ്പൂര്‍ കലാപത്തിനിടെ സ്‌ത്രീകളെ നഗ്‌നരായി നടത്തി, പിന്നാലെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ നാല് പ്രതികളേയും 11 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഹുയിറെം ഹെറോദാസ് എന് പ്രതിയെ ഇന്നലെയും (ജൂലൈ 20) മറ്റ് മൂന്ന് പ്രതികളെ ഇന്നുമാണ് പിടികൂടിയത്. മെയ് നാലിന് നടന്ന സംഭവത്തിന്‍റെ ദൃശ്യം ജൂലൈ 19നാണ് പുറത്തുവന്നത്. ഇതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നാല് പ്രതികളും അറസ്റ്റിലായത്. തൗബാൽ ജില്ലയിലെ നോങ്‌പോക്ക് സെക്‌മായി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയി നഗ്‌നരായി നടത്തി പ്രദേശത്തെ വയലില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മെയ് നാലിനുണ്ടായ സംഭവത്തിന്‍റെ 20 സെക്കന്‍ഡുള്ള വീഡിയോയാണ് പുറത്തുവന്നത്. ഈ വീഡിയോയ്‌ക്ക് പിന്നാലെയാണ് പൊലീസ് നടപടി.
Manipur Violence |പ്രതിഷേധക്കടലായി മണിപ്പൂർ; പിടിയിലായ പ്രതിയുടെ ചിത്രങ്ങൾ അടക്കം പുറത്ത് വിട്ട് പൊലീസ്
പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതക ശ്രമം എന്നിവയ്ക്കാണ് തൗബാൽ ജില്ലയിലെ നോങ്‌പോക്ക് സെക്‌മായി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. കൂടുതല്‍ കുറ്റവാളികളെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും പൊലീസ് വ്യാഴാഴ്‌ച രാത്രി മാധ്യമങ്ങളോട് പറഞ്ഞു. മെയ്‌തി വിഭാഗത്തെ പട്ടികവർഗ (എസ്‌ടി) വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരായി ആദിവാസി ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്.