മംഗളൂരു: വംശനാശ ഭീഷണി നേരിടുന്നവയുൾപ്പെടെ വിവിധയിനം പക്ഷികളുടെ ആവാസ വ്യവസ്ഥയായി മംഗളൂരു സർവകലാശാല. 353 ഏക്കറിൽ പരന്നുകിടക്കുന്ന മംഗളൂരു സർവകലാശാല കാമ്പസിലാണ് വിവിധയിനം പക്ഷികളുള്ളത്. വിഷയത്തിൽ ഒമ്പത് വർഷം പഠനം നടത്തുകയും പഠന റിപ്പോർട്ടുകൾ 'ജേണൽ ഓഫ് ത്രെറ്റൻഡ് ടാക്‌സ' എന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.
മംഗളൂരു നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് കാമ്പസ്. വിശാലമായ കാമ്പസിൽ ലാറ്ററൈറ്റ്, കുറ്റിച്ചെടികൾ, തോട്ടങ്ങൾ എന്നിങ്ങനെ വ്യത്യസ്‌ത ആവാസ വ്യവസ്ഥകൾ അടങ്ങിയിരിക്കുന്നു. 2013 മുതൽ 2021 വരെയുള്ള ഒമ്പത് വർഷത്തെ പഠനമാണ് ഗവേഷകർ നടത്തിയത്. ഗവേഷകരും പക്ഷി നിരീക്ഷകരുമായ കെ മാക്‌സിം റോഡ്രിഗസ്, കെ വിനീത് കുമാർ, വിവേക് ഹാസ്യഗർ, എം സി പ്രശാന്ത് കൃഷ്‌ണ, ദീപക് നായിക് എന്നിവരാണ് ഗവേഷണം നടത്തിയത്. കാമ്പസിലെ 18 ഓർഡറുകളിലും (order) 56 ഫാമിലികളിലുമായുള്ള (family) 150 പക്ഷി ഇനങ്ങളെ പഠനത്തിൽ രേഖപ്പെടുത്തി. ഇതിൽ 124 പക്ഷികളുടെ വാസസ്ഥലമാണ് കാമ്പസ്. 13 ഇനങ്ങൾ ദീർഘദൂര ദേശാടന പക്ഷികളും 13 ഇനം പ്രാദേശിക ദേശാടന പക്ഷികളുമാണെന്ന് പഠനത്തിൽ കണ്ടെത്തി.
ഇതിൽ 53 ഇനം പക്ഷികൾ ഇൻസെക്‌ടിവോറസും (പ്രാണികളെ ഭക്ഷിക്കുന്നവ) 42 ഇനം ഒമ്‌നിവോറസും (സസ്യജന്തുജാലങ്ങളെ ഭക്ഷിക്കുന്നവ) 34 ഇനം സ്‌പീഷിസ് കാർണിവോറസും (മാംസാഹാരികൾ) ഒമ്പത് ഇനം ഗ്രാനിവോറസും (ധാന്യം ഭക്ഷിക്കുന്നവ) നാല് ഇനം വീതം ഫ്രൂജിവോറസ് (പഴങ്ങൾ ഭക്ഷിക്കുന്നവ), നെക്റ്റിവോറസുമാണെന്ന് (പൂന്തേൻ ഭക്ഷിക്കുന്നവ) വിശകലനത്തിൽ കണ്ടെത്തി.
ഐയുസിഎൻ റെഡ് ലിസ്റ്റിലുള്ള (ഭീഷണി നേരിടുന്നവ) മൂന്ന് ഇനം പക്ഷികൾ കാമ്പസിൽ ഉണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. അതായത് സിക്കോണിയ എപ്പിസ്കോപ്പസ് (woolly necked stork), ത്രേസ്‌കിയോർണിസ് മെലനോസെഫാലസ് (black headed ibis), ബ്രാച്ചിപോഡിയസ് പ്രിയോസെഫാലസ് (grey headed bulbul) എന്നിവയാണ് അവ. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന അഞ്ച് ഇനം പക്ഷികളെയും കാമ്പസിൽ കണ്ടെത്തി. ബ്രാച്ചിപോഡിയസ് പ്രിയോസെഫാലസ്, റൂബിഗുല ഗുലാരിസ്, അർഗ്യ സബ്റൂഫ, സ്റ്റുർണിയ ബ്ലൈത്തി, ഡിസിയം കോൺകോളർ എന്നീ പക്ഷികളെയാണ് കണ്ടെത്തിയത്.
കാമ്പസിലെ പക്ഷിമൃഗാദികളെ നിരീക്ഷിക്കുന്നതിനുള്ള അടിസ്ഥാന ഡാറ്റ ഈ പഠനത്തിലൂടെ ലഭ്യമാകുന്നു. മാത്രമല്ല, പക്ഷി സംരക്ഷണത്തിൽ പ്രദേശത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്യുന്നു.