കോട്ട (രാജസ്ഥാന്‍): ആംബുലന്‍സില്ലാത്ത അവസ്ഥയിലും അടിയന്തരഘട്ടങ്ങളില്‍ മറ്റ് മാര്‍ഗങ്ങള്‍ക്കായി കാത്തിരിക്കാതെയും രോഗിയെ മുന്നില്‍കാണുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച നിരവധി സംഭവങ്ങളുണ്ടാവും. ആശുപത്രിയിലെത്തിച്ച ശേഷം സ്‌ട്രെച്ചറിന്‍റേയും വീല്‍ ചെയറിന്‍റേയും അഭാവത്തില്‍ രോഗിയെ ചുമന്നും മറ്റും ഡോക്‌ടര്‍ക്ക് മുന്നിലത്തിച്ച വാര്‍ത്തകളുമുണ്ടായിട്ടുണ്ട്. രോഗിയെ ഡോക്‌ടറിന് മുന്നിലെത്തിക്കാന്‍ നായകന്‍ സ്‌കൂട്ടര്‍ ഉപയോഗിച്ച സംഭവം ആമിര്‍ ഖാന്‍ നായകനായ ത്രീ ഇഡിയറ്റ്‌സിലും ഇതിന്‍റെ തമിഴ് പതിപ്പായ നന്‍പനിലും മാത്രമായിരിക്കും നമുക്കെല്ലാം ഓര്‍മ കാണുക. എന്നാല്‍ ഈ സിനിമരംഗം ജീവിതത്തില്‍ പുനഃസൃഷ്‌ടിച്ചിരിക്കുകയാണ് ഒരു പിതാവ്.
സംഭവം ഇങ്ങനെ:രാജസ്ഥാനിലെ കോട്ട ജില്ലയിലെ മഹാറാവു ഭീം സിങ് ഹോസ്‌പിറ്റലിൽ വ്യാഴാഴ്‌ചയാണ് സംഭവം നടക്കുന്നത്. പരിക്കേറ്റ് കാലില്‍ പ്ലാസ്‌റ്ററിട്ട മകനുമായി ഡോക്‌ടറെ കാണാനെത്തിയതായിരുന്നു അഭിഭാഷകനായ മനോജ് ജെയിൻ. രണ്ടാം നിലയിലുള്ള ഓര്‍ത്തോപീഡിക് ഒപിയില്‍ ചെല്ലുന്നതിനായി ഇദ്ദേഹം വീല്‍ ചെയറിനായി അന്വേഷിച്ചുവെങ്കിലും ലഭിച്ചില്ല. ഇതോടെ തങ്ങള്‍ വന്ന സ്‌കൂട്ടറുമായി ഇയാള്‍ ആശുപത്രിയുടെ അകത്തേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് മകനെ പിറകിലിരുത്തി ഇയാള്‍ ലിഫ്‌റ്റിലേക്കും അവിടെ നിന്ന് മുകളിലെ നിലയിലുമെത്തി. ഇരുവര്‍ക്കൊപ്പം ഇയാളുടെ ഭാര്യയും കൂടി.
എന്നാല്‍, മുകളിലെ നിലയില്‍ എത്തിയതോടെ ഇവരും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ആശുപത്രി ജീവനക്കാരില്‍ ഒരാളായ ദേവ്‌കിനന്ദന്‍ ബന്‍സാല്‍ ഇവരെ തടയുകയും സ്‌കൂട്ടറിന്‍റെ താക്കോല്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിന് പിന്നാലെ എംബിഎസ് ആശുപത്രി ഔട്ട്‌പോസ്‌റ്റ് പൊലീസും സ്ഥലത്തെത്തി.