ലഖ്‌നൗ : ഉത്തർപ്രദേശിൽ വരന് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ പേര് അറിയില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കല്യാണപ്പിറ്റേന്ന് ബന്ധം വേർപെടുത്തി വധുവിന്‍റെ കുടുംബം. ഈ തീരുമാനത്തില്‍ ഉറച്ചുനിന്ന കുടുംബം, നവവധുവിനെ വരന്‍റെ സഹോദരനെക്കൊണ്ട് നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിച്ചു. ഗാസിയാപൂർ ജില്ലയിലെ സെയ്‌ദ്‌പൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ശനിയാഴ്‌ചയാണ് വിചിത്രമായ സംഭവം നടന്നത്.
നാസിർപൂർ ഗ്രാമത്തിലെ താമസക്കാരനായ രാം അവതാറിന്‍റെ മകൻ ശിവശങ്കറിന്‍റെ (27) വിവാഹം ജൂൺ 11 നാണ് നടന്നത്. കരന്ദ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബസന്ത് പട്ടി ഗ്രാമത്തിൽ താമസിക്കുന്ന ലഖേദു റാമിന്‍റെ മകൾ രഞ്‌ജനയായിരുന്നു വധു. ആറ് മാസം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം തീരുമാനിച്ചത്. അന്നുമുതൽ ഇരുവരും പരസ്‌പരം ബന്ധപ്പെടാറുണ്ടായിരുന്നു.
ഇതിനുശേഷമാണ് 11ന് വിവാഹം തീരുമാനിച്ചത്. വിവാഹം നടന്നതിന്‍റെ അടുത്ത ദിവസം ഖിച്‌ഡി ചടങ്ങിനിടെ ഭാര്യാസഹോദരി വരനോട് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ പേര് പറയാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ശിവശങ്കറിന് നരേന്ദ്ര മോദിയെന്ന് പറയാൻ കഴിയാതെ വന്നപ്പോൾ വധുവിന്‍റെ ബന്ധുക്കൾ വരന് മാനസിക ബുദ്ധിമുട്ടുള്ളതായി ആരോപിച്ച് വിവാഹ ബന്ധം വേർപെടുത്തി. ശേഷം ശിവശങ്കറിന്‍റെ സഹോദരനായ അനന്തുവിനോട് രഞ്‌ജനയെ വിവാഹം ചെയ്യാൻ വധുവിന്‍റെ കുടുംബം ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഇരുവരും തമ്മിലുള്ള വിവാഹവും നടത്തി. തന്‍റെ ഇളയമകനെ വധുവിന്‍റെ കുടുംബം നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണെന്നാണ് വരന്‍റെ പിതാവ് ആരോപിക്കുന്നത്. വിവാഹത്തിന് ശേഷം വധുവിന്‍റെ കുടുംബം വരന്‍റെ വീട്ടിൽ വന്ന് രഞ്‌ജനയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. സംഭവത്തിൽ ശിവശങ്കറിന്‍റെ കുടുംബം ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.