സോനാര്‍പൂര്‍: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സെപ്‌റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ പ്രതിയെ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം തെളിവ് സഹിതം പൂട്ടി ക്രിമിനല്‍ ഇന്‍വസ്‌റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് (സിഐഡി). പശ്ചിമ ബംഗാളിലെ സോനാര്‍പൂരിലെ സൗത്ത് 24 പര്‍ഗാനാസില്‍ 2020 ല്‍ നടന്ന കൊലപാതകത്തില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രതി നിയമത്തിന് മുന്നിലെത്തുന്നത്. സംഭവത്തില്‍ പ്രതിയെ മുമ്പ് പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു.
സംഭവം ഇങ്ങനെ:2020 ല്‍ കൊവിഡ് ലോക്ക്‌ഡൗണിന്‍റെ പശ്ചാത്തലത്തിലാണ് മിലന്‍പള്ളി നിവാസിയായ തപന്‍ മൊണ്ടല്‍ എന്നയാളില്‍ നിന്നും പ്രതി ഭോംബല്‍ മൊണ്ടല്‍ വീട് വാടകയ്‌ക്കെടുക്കുന്നത്. വാടകയ്‌ക്കെടുത്ത വീട്ടില്‍ ഇയാളും ഭാര്യ തുമ്പ മണ്ഡലുമായിരുന്നു താമസിച്ചിരുന്നത്. കുറച്ചുകാലങ്ങള്‍ക്ക് ശേഷം ഭോംബലിനെ വീട്ടില്‍ കാണാതെയായി. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്കിപ്പുറം ഭോംബലിന്‍റെ ബന്ധുവെന്നറിയിച്ച് ഒരാളെത്തി വാടക കുടിശിക ഉടമയ്‌ക്ക് നല്‍കുകയും വീട്ടിലെ സാധന സാമഗ്രികളുമെടുത്ത് മടങ്ങുകയും ചെയ്‌തു.
എന്നാല്‍ ഇതിനിടെ കുല്‍ത്തലി സ്വദേശിയായ തുമ്പയുടെ പിതാവ് ലക്ഷ്‌മണ്‍ മൊണ്ടല്‍ മകളെ കാണാനില്ലെന്ന് കാണിച്ച് സോനാര്‍പൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് സംശയങ്ങളുടെ അടിസ്ഥാനത്തില്‍ തുമ്പയുടെ ഭര്‍ത്താവായ ഭോംബലിനെ കസ്‌റ്റഡിയിലെടുക്കുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി ഇയാളെ വിട്ടയയ്‌ക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ യുവതിയുടെ ബന്ധുക്കള്‍ കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ കേസില്‍ സിഐഡി അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കേസില്‍ അന്വേഷണം ആരംഭിച്ച സിഐഡി സംഘം ഭോംബലിനെ വീണ്ടും ചോദ്യം ചെയ്‌തു. അന്വേഷണസംഘത്തിന്‍റെ ചോദ്യംചെയ്യലിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.