കേരളം

kerala

By

Published : Apr 11, 2023, 8:02 PM IST

ETV Bharat / bharat

എലിയെ അഴുക്കുചാലില്‍ മുക്കിക്കൊന്ന കേസ്: പ്രതിക്കെതിരെ 30 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എലിയുടെ വാലില്‍ കല്ലുകെട്ടിയ ശേഷം, മലിനജലത്തില്‍ മുക്കിക്കൊന്നുവെന്നാണ് പ്രതി മനോജ് കുമാറിനെതിരെയുള്ള പരാതി

police filed thirty page charge sheet  charge sheet  man for killing rat  killing rat in Badaun  Uttar Pradesh  Indian Veterinary Research Institute  latest national news  എലിയെ അഴുക്കുചാലില്‍ മുക്കിക്കൊന്നു  എലിയെ കൊന്നു  കുറ്റപത്രം  മാലിന്യത്തില്‍ മുക്കി കൊന്നു  ഉത്തര്‍പ്രദേശ്  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
എലിയെ അഴുക്കുചാലില്‍ മുക്കിക്കൊന്നു; പ്രതിക്കെതിരെ 30 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

ലഖ്‌നൗ (ഉത്തര്‍പ്രദേശ്): കൊലപാതകം, പീഡനം, അക്രമം തുടങ്ങിയ വിവിധ തരത്തിലുള്ള കേസുകള്‍ക്ക് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച വാര്‍ത്തകളെക്കുറിച്ച് നമ്മള്‍ ദിനംപ്രതി കേള്‍ക്കുന്നതാണ്. എന്നാല്‍, എലിയെ കൊന്ന കുറ്റത്തിന് 30 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് പൊലീസ്. മൃഗക്ഷേമ പ്രവര്‍ത്തകനായ വികേന്ദ്ര കുമാര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

2022 നവംബര്‍ 24നായിരുന്നു കേസിനാസ്‌പദമായ സംഭവം. എലിയുടെ വാലില്‍ കല്ലുകെട്ടിയ ശേഷം, മലിനജലത്തില്‍ മുക്കിക്കൊന്നുവെന്നാണ് മനോജ് കുമാറിനെതിരെയുള്ള പരാതി. കല്യാണ്‍ നഗര്‍ നിവാസിയായ കുമാര്‍ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നു.

പരാതിക്കാരന്‍ പറയുന്നത്: '2022 നവംബര്‍ 24ന് പനവാഡിയ പ്രദേശത്ത് കൂടി ഞാന്‍ കടന്നുപോകുകയായിരുന്നു. ഈ സമയം, മനോജ് കുമാര്‍ ഒരു എലിയുടെ വാലില്‍ കല്ലുകെട്ടി അഴുക്കുചാലില്‍ കൂടി ഒഴുക്കി. സംഭവം ചോദ്യം ചെയ്‌തപ്പോള്‍ അയാള്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഞങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്‌തു. അഴുക്കുചാലില്‍ നിന്ന് ഞാന്‍ എലിയെ എടുത്തെങ്കിലും അത് ചത്തിരുന്നു. തുടര്‍ന്ന് പ്രതിക്കെതിരെ ഞാന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു' - വികേന്ദ്ര കുമാര്‍ പറഞ്ഞു.

പൊലീസ് അറസ്‌റ്റ് ചെയ്‌തതിന് ശേഷം, കോടതി മനോജ് കുമാറിന് ജാമ്യം അനുവദിച്ചു. ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടം അനുസരിച്ച് അഴുക്കുചാലില്‍പ്പെട്ട് എലി ചത്തത് ശ്വാസതടസം മൂലമാണെന്ന് കണ്ടെത്തി. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, വീഡിയോ, പ്രദേശവാസികളുടെ മൊഴി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ മനോജ് കുമാറിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ സ്ഥിരീകരണത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

'മലിന ജലത്തിന്‍റെ അംശം കണ്ടെത്തിയില്ല': ശ്വാസതടസം നേരിട്ടതാണ് എലി ചാകാന്‍ കാരണമെന്ന് പറഞ്ഞ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് ജോയിന്‍റ് ഡയറക്‌ടര്‍ കെപി സിങ്, എലിയുടെ ശരീരത്തില്‍ നിന്ന് മലിന ജലത്തിന്‍റെ ഒരംശം പോലും കണ്ടെത്തിയില്ലെന്ന് പറഞ്ഞു. നേരത്തെ തന്നെ എലിയ്‌ക്ക് രോഗം ബാധിച്ചിരുന്നതിനാല്‍ പരാതിക്കാരന്‍ ആരോപിക്കുന്നത് പോലെ മലിന ജലത്തില്‍ മുങ്ങിയത് മൂലമല്ല ചത്തതെന്ന് അദ്ദേഹം പറഞ്ഞു.

പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം എലിയുടെ ശ്വാസകോശത്തില്‍ നിന്ന് ജലത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ല. അതിനാല്‍ തന്നെ എലിയുടെ കരളും ശ്വാസകോശവും നേരത്തെ തന്നെ തകരാറിലായിരുന്നുവെന്ന് കണ്ടെത്തിയെന്ന് ഡോ. സിങ് പറഞ്ഞു. ഉയര്‍ന്ന സമ്മര്‍ദം മൂലം ശ്വാസകോശത്തിലെ കോശഘടനകള്‍ക്ക് ക്ഷതം സംഭവിക്കുന്ന നെക്രോസിസ് മൂലം എലി ചാകാനുള്ള സാധ്യതയുണ്ടെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മൃഗക്ഷേമ പ്രവര്‍ത്തകനും ഇന്ത്യന്‍ ആനിമല്‍ വെല്‍ഫെയല്‍ ബോര്‍ഡിന്‍റെ ഉദ്യോഗസ്ഥനുമായ വികേന്ദ്ര കുമാര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ 429 വകുപ്പ് പ്രകാരം പൊലീസ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു. നവംബര്‍ 25ന് എലിയെ ഐവിആര്‍ഐയില്‍ എത്തിച്ചു. ഡോ. അശോക് കുമാര്‍, ഡോ. പവന്‍ എന്നിവരാണ് പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത്. അഴുക്കുചാലില്‍ മുങ്ങിയതല്ല ചാകാനുള്ള യഥാര്‍ഥ കാരണമെന്ന് കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനായി റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്ന് ഡോ. സിങ് അറിയിച്ചു.

ABOUT THE AUTHOR

...view details