ഹൈദരാബാദ്:തെലങ്കാനയില്‍ ഭാര്യയോടുള്ള ദേഷ്യത്തിൽ ഭർത്താവ് മകളെ കൊലപ്പെടുത്തി (Man killed daughter). സംഭവത്തില്‍, ആന്ധ്രാപ്രദേശ് വിജയവാഡയിലെ (Andhra pradesh vijayawada) അജിത് സിങ് നഗർ സ്വദേശി കുന്ദേതി ചന്ദ്രശേഖറിനെ (40) പൊലീസ് പിടികൂടി. ഇയാളുടെ മകള്‍ എട്ടുവയസുകാരി മോക്ഷജയാണ് കൊല്ലപ്പെട്ടത്.
അബ്‌ദുള്ളപർമേട്ട് പൊലീസ് സ്റ്റേഷൻ (Abdullahpurmet police station) പരിധിയിലെ ചന്ദനനഗറില്‍ ശനിയാഴ്‌ചയാണ് (19 ഓഗസ്റ്റ്) കുറ്റകൃത്യം നടന്നത്. മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ കാറിന്‍റെ ടയര്‍ പൊട്ടുകയും ഡിവൈഡറില്‍ ഇടിക്കുകയും ചെയ്‌തതോടെയാണ് പൊലീസിന്‍റെ പിടിയിലായത്. വനസ്ഥലിപുരം അസിസ്റ്റന്‍റ് കമ്മിഷണർ ഓഫ് പൊലീസ് (എസിബി) ഭീംറെഡ്ഡി, അബ്‌ദുള്ളപർമേട്ട് ഇൻസ്‌പെക്‌ടർ മൻമോഹൻ, സീനിയർ ഇൻസ്‌പെക്‌ടർമാരായ വെങ്കിട്ടരാമിറെഡ്ഡി, കിഷൻ എന്നിവരാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ്..:കുന്ദേതി ചന്ദ്രശേഖറും സംഗറെഡ്ഡി സ്വദേശിനിയായ ഹിമ ബിന്ദുവും 2011ലാണ് വിവാഹിതരായത്. അമേരിക്കയിൽ ഐടി ജീവനക്കാരായി ജോലി ചെയ്‌തിരുന്ന ഇവർ കുറച്ചുകാലം മുന്‍പാണ് ഹൈദരാബാദിലെ ചന്ദനഗറിൽ സ്ഥിരതാമസമാക്കിയത്. ഹിമ ഒരു പ്രമുഖ ഐടി കമ്പനിയിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് ഇതേ കമ്പനിയിൽ ജീവനക്കാരനായും ജോലി ചെയ്യുകയായിരുന്നു. ഇവരുടെ മകൾ മോക്ഷജ 'ഭെല്‍' (Bharat Heavy Electricals Limited) സ്ഥാപനത്തിന് സമീപത്തെ ജ്യോതി വിദ്യാലയത്തിൽ നാലാം ക്ലാസിൽ വിദ്യാര്‍ഥിനിയുമാണ്.
ജോലിക്ക് കയറി എട്ട് മാസം കഴിയുന്നതിന് മുന്‍പ് ചന്ദ്രശേഖറിന് തൊഴില്‍ നഷ്‌ടപ്പെടുകയും ഇത് ദമ്പതികൾക്കിടയില്‍ വഴക്കിലേക്ക് വഴിവയ്‌ക്കുകയുമുണ്ടായി. ഇതേത്തുടര്‍ന്ന്, നാല് മാസം മുന്‍പ് ഹിമ ബിന്ദു മകളുമായി അമ്മയുടെ വീട്ടിലേക്ക് പോയി. ചന്ദ്രശേഖർ ചന്ദനഗറിലാണ് താമസിച്ചിരുന്നത്. ഭാര്യ തന്നേക്കാൾ കൂടുതൽ സമ്പാദിക്കുന്നുണ്ടെന്നും ഉയർന്ന സ്ഥാനത്താണെന്നും മറ്റും പറഞ്ഞായിരുന്നു ഇയാള്‍ വഴക്കുണ്ടാക്കിയിരുന്നത്.
ഒപ്പം പോവാന്‍ അസാധാരണമായി മടികാട്ടി കുട്ടി, ഒടുവില്‍...:ജോലി നഷ്‌ടപ്പെടാനുള്ള കാരണം ഭാര്യയാണ്, അവര്‍ തന്‍റെ മകളെ അകറ്റി നിർത്തി. ഇക്കാരണംകൊണ്ട് താൻ അനുഭവിക്കുന്ന വിഷമം ഭാര്യ അനുഭവിക്കാന്‍ വേണ്ടിയാണ് മകളെ കൊന്നതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. കുട്ടിയെ കൊലപ്പെടുത്താനുള്ള ബ്ലേഡ് ഒരാഴ്‌ച മുന്‍പ് ഇയാള്‍ കടയിൽ നിന്നും വാങ്ങിവച്ചിരുന്നു. തുടര്‍ന്ന്, ഇന്നലെ കുട്ടിയെ താന്‍ താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോവാന്‍ ഭാര്യാമാതാവിന്‍റെ വീട്ടിലെത്തി. പിതാവ് വിളിച്ചാല്‍ പെട്ടെന്ന് കൂടെ പോകുന്ന മകള്‍ സംഭവ ദിവസം ഒപ്പം ചെല്ലാന്‍ മടി കാണിച്ചിരുന്നു. ഇയാള്‍ നിര്‍ബന്ധിച്ചതോടെ കുട്ടി കാറിന്‍റെ പിൻസീറ്റിൽ കയറി ഇരുന്നു.
'ഭെല്‍' ടൗൺഷിപ്പ് കഴിഞ്ഞ് കുറച്ചുദൂരം മുന്നോട്ടുപോയ കാർ വഴിയരികില്‍ നിർത്തുകയും ഇയാള്‍ കുട്ടിയോട് സംസാരിക്കുകയും ചെയ്‌തു. അമ്മ എന്തുകൊണ്ടാണ് തന്നോട് സംസാരിക്കാത്തതെന്ന് ഇയാള്‍ കുട്ടിയോട് ചോദിച്ചു. ഇക്കാര്യം അമ്മയോട് നേരിട്ട് പറയാന്‍ കുട്ടി പറഞ്ഞതോടെ ഇയാള്‍ പ്രകോപിതനായി. തുടര്‍ന്ന്, ഇടത് കൈ കൊണ്ട് കുട്ടിയുടെ തലയിൽ പിടിച്ച് ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നു. ശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ പദ്ധതി.
കൊലപാതകത്തിന് ശേഷം പ്രതി മകളുടെ മൃതദേഹം കാറിന്‍റെ പിൻസീറ്റില്‍ തന്നെവച്ച് ഔട്ടർ റിങ് റോഡിലേക്ക് പോയി. അവിടെ നിന്ന് താരമതിപ്പേട്ടയ്ക്കും കൊഹെഡലയ്ക്കും ഇടയില്‍ വാഹനവുമായി പലതവണ ചുറ്റിയടിച്ചു. നേരം ഇരുട്ടിയതോടെ മൃതദേഹം എങ്ങനെയെങ്കിലും ഉപേക്ഷിച്ച് പോകാനായിരുന്നു ഇയാളുടെ ലക്ഷ്യം. അതിനിടെ ടയർ പൊട്ടി കാർ ഡിവൈഡറിൽ ഇടിച്ച് അപകടമുണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ തടിച്ചുകൂടുകയും മൃതദേഹം ഇവരുടെ ശ്രദ്ധയില്‍ പെടുകയും ചെയ്‌തു. ഇതോടെ, പ്രദേശവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.