ഹിമ്മത്നഗർ:ഗുജറാത്തിലെ സബർകന്ത ജില്ലയിൽ 35 ലക്ഷം രൂപ വിലവരുന്ന നിരോധിത മയക്കുമരുന്നുമായി ഒരാൾ പിടിയിൽ. സബർകന്തയിലെ ഹിമ്മത്നഗറിൽ ഇർഷാദ് പതാൻ (26) ആണ് പൊലീസ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 35 ലക്ഷം രൂപ വിലവരുന്ന 340 ഗ്രാം മെഫെഡ്രോണും മറ്റ് നിരോധിത മയക്കുമരുന്നുകളും പിടിച്ചെടുത്തു.
ALSO READ: തമ്പാനൂര്‍ റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ അടിച്ചുതകർത്തത് 18 കാരന്‍
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പിപ്ലോഡി ഗ്രാമത്തിന് സമീപം ഹിമ്മത്നഗർ- അഹമ്മദാബാദ് ദേശീയപാതയിൽ ശനിയാഴ്‌ച രാത്രി നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഇരുചക്രവാഹനത്തിൽ കടത്താൻ ശ്രമിക്കവെയായിരുന്നു പരിശോധന.
നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇയാളിൽ നിന്നും മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.