ഇൻഡോർ : വിമാനത്താവളത്തിൽ സുരക്ഷാപരിശോധനയ്‌ക്കിടെ ബാഗിൽ ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞ യാത്രക്കാരനും കുടുംബത്തിനും വിമാനം നഷ്‌ടമായി. ഇൻഡോറിലെ ദേവി അഹല്യഭായ് ഇന്‍റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ബോംബ് ഉണ്ടെന്ന് പറഞ്ഞതോടെ ഇവരുടെ ബാഗുകൾ വിശദമായി പരിശോധിച്ച്, ചോദ്യം ചെയ്യലിന് വിധേയമാക്കി. തുടർന്ന് ബോംബ് ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ക്ഷമാപണം എഴുതി വാങ്ങിയശേഷം ഇവരെ വിട്ടയയ്‌ക്കുകയായിരുന്നു.
ഭാര്യയ്‌ക്കും മകനുമൊപ്പം വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇയാൾ. ഇതിനിടെ സുരക്ഷാപരിശോധനയ്‌ക്കിടെ തന്‍റെ ബാഗിൽ ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് വഴിവച്ചതെന്ന് എയർപോർട്ട് ഡയറക്‌ടർ സിവി രവീന്ദ്രൻ പറഞ്ഞു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ ബാഗുകൾ വിശദപരിശോധന നടത്തുകയും ചോദ്യം ചെയ്യലിന് വിധേയമാക്കുകയുമായിരുന്നു.