ബെംഗളൂരു: കര്‍ണാടകയിലെ ചാമരാജ്‌പേട്ടയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനം മോഷണം പോയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി മുത്തുരാജും കൂട്ടാളികളുമാണ് വിവി പുര പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ ജനുവരി 14നാണ് റോഡരികില്‍ നിര്‍ത്തിയിട്ട ലോറി മോഷണം പോയത്. കര്‍ണാടക സ്വദേശിയായ ഹരിപാല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ലോറിയാണിത്.
ലോറി മോഷണവും പൊലീസ് അന്വേഷണവും: ചാമരാജ്പേട്ടയിലെ റോഡരികില്‍ ഹരിപാല്‍ ലോറി നിര്‍ത്തിയിട്ടതിന് ശേഷം പ്രതിയായ മുത്തുരാജ് എത്തി വ്യാജ താക്കേല്‍ ഉപയോഗിച്ച് ലോറി ഓടിച്ച് പോകുകയായിരുന്നു. മോഷ്‌ടിച്ച ലോറിയുമായി ഇയാള്‍ ഹൊസൂര്‍ വഴി ചെന്നൈയിലേക്കാണ് കടന്നത്. ലോറി കാണാതായതിന് പിന്നാലെ ഹരിപാല്‍ വിവിപുര പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ലോറി അവസാനമായി പാര്‍ക്ക് ചെയ്‌ത സ്ഥലവും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ലോറിയുമായി മുത്തുരാജ് ഹൊസൂർ വഴി ചെന്നൈയിലേക്കുള്ള വഴിയിലൂടെ പോയത് ശ്രദ്ധയില്‍പ്പെട്ട് പൊലീസ് ലോറി സഞ്ചരിച്ച വഴികളിലെ സിസിടിവികളെല്ലാം പരിശോധിച്ചു.
ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കാണ് ഇയാള്‍ ലോറിയുമായി പോയത്. ബെംഗളൂരുവില്‍ നിന്ന് ചെന്നൈ വരെയുള്ള 278 സിസിടിവി കാമറകൾ പൊലീസ് പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതോടെയാണ് മോഷണ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരം ലഭ്യമായത്.
ലോറിക്ക് വ്യാജ രേഖ ചമച്ചു:ചെന്നൈയിലെത്തിയ ലോറിയ്‌ക്ക് മുത്തുരാജ് വ്യാജ രേഖകള്‍ ചമച്ചു. തുടര്‍ന്ന് ചെന്നൈയിലുള്ള ഇയാളുടെ കൂട്ടാളികള്‍ക്ക് ലോറി കൈമാറി. ഇതോടെ മുഖ്യപ്രതിയ്‌ക്ക് പിന്നാലെ കൂട്ടാളികളും പൊലീസിന്‍റെ വലയിലായി.