കുര്‍ണൂല്‍ (ആന്ധ്രാപ്രദേശ്):ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് നാടിനെ നടുക്കിയ ഇരട്ട കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ ചിന്തലമുനിനഗര്‍ നിവാസികളായ നരപുരം ശ്രാവണ്‍കുമാര്‍, പിതാവ് നരപുരം വരപ്രസാദ്, മാതാവ് കൃഷ്‌ണവേണി എന്നീ മൂന്ന് പ്രതികളെയും കുര്‍ണൂല്‍ ഫോര്‍ത്ത് ടൗണ്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
സംഭവത്തെക്കുറിച്ച് കുര്‍ണൂല്‍ ഡിഎസ്‌പി ഓഫിസിലെ സിഐ ശങ്കരയ്യയും എസ്‌ഐ രാമയ്യയും പറയുന്നത് ഇങ്ങനെയാണ്: ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ശ്രാവണ്‍ കുമാറും രുക്‌മിണിയുമായുള്ള വിവാഹം നടക്കുന്നത്. ഈ സമയം ബി.ടെക് പഠനം പൂര്‍ത്തിയാക്കി ഐസിഐസിഐ ബാങ്കിന് കീഴിലുള്ളകോള്‍ സെന്‍ററില്‍ ജോലി ചെയ്‌ത് വരികയായിരുന്നു ശ്രാവണ്‍ കുമാര്‍. വിവാഹ നിശ്ചയം കഴിഞ്ഞയുടനെ ശ്രാവണ്‍കുമാര്‍ രുക്‌മിണിക്ക് ഒരു മൊബൈല്‍ഫോണ്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ മൊബൈല്‍ഫോണ്‍ അദ്ദേഹം മറ്റ് നിരീക്ഷണ ആപ്പുകളുമായി തന്‍റെ ഇ മെയിലില്‍ ബന്ധിപ്പിച്ചിരുന്നു. ഇതനുസരിച്ച് രുക്‌മിണി ഫോണില്‍ ബന്ധപ്പെട്ട രാഘവേന്ദ്ര ഗൗഡ് എന്നയാളുമായി അവര്‍ക്ക് അവിഹിത ബന്ധമുണ്ടെന്നും ശ്രാവണ്‍കുമാര്‍ സംശയിച്ചു. മാര്‍ച്ചില്‍ വിവാഹം കഴിഞ്ഞശേഷം ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുമുണ്ടായി. മാത്രമല്ല ശ്രാവണ്‍ ഈ വിവരം തന്‍റെ മാതാപിതാക്കളുമായി പങ്കുവയ്‌ക്കുകയും ചെയ്‌തു.
ആസൂത്രണം ഇങ്ങനെ:ഇതിനിടെ ശ്രാവണിനെയും രുക്‌മിണിയേയും ഭാര്യവീട്ടുകാര്‍ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് ഇവര്‍ ശ്രാവണിനെ നിര്‍ബന്ധിച്ച് ചേലാകര്‍മവും നടത്തി. എന്നാല്‍ ഈ വിവരമറിഞ്ഞ ശ്രാവണിന്‍റെ പിതാവ് വരപ്രസാദ്, മകനെ ചേലാകര്‍മം നടത്തുന്നത് വഴി ഭാര്യവീട്ടുകാര്‍ ലൈംഗികശേഷി കുറയ്‌ക്കുക കൂടിയാണ് നടത്തിയതെന്ന് സംശയിച്ചു. മാത്രമല്ല ഇതിനോടുള്ള പ്രതികാരം തീര്‍ക്കാനായി രുക്‌മിണിയേയും മാതാപിതാക്കളെയും കൊലപ്പെടുത്തുവാനും ഇയാളും ഭാര്യയും തീരുമാനിക്കുകയും ചെയ്‌തു.
ഇരട്ടകൊലപാതകം നടന്നത് ഇങ്ങനെ:അങ്ങനെ മാര്‍ച്ച് 14 നാണ് കൊലപാതകങ്ങള്‍ നടന്ന ദിവസം ശ്രാവണ്‍കുമാര്‍ വനപര്‍ത്തിയിലെത്തി ഭാര്യയേയും ബന്ധുവീട്ടുകാരെയും വിളിച്ച് തന്‍റെ വീട്ടിലേക്ക് മടങ്ങി. ഈ സമയം വരപ്രസാദ് കൊലപാതകത്തിനായി അടുത്തുള്ള കടയില്‍ നിന്നും രണ്ട് കത്തികളും വാങ്ങിവച്ചു. രുക്‌മിണിയും മാതാപിതാക്കളുമെത്തിയപ്പോള്‍, മരുമകളെ മാത്രം താഴത്തെ നിലയില്‍ നിര്‍ത്തി മാതാപിതാക്കളെ ഇവര്‍ മുകളിലത്തെ നിലയിലേക്കയച്ചു. തുടര്‍ന്ന് ശ്രാവണും പിതാവ് വരപ്രസാദും ചേര്‍ന്ന് രുക്‌മിണിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. മരുമകള്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ച ശേഷം വരപ്രസാദ് മുകളിലെ നിലയിലേക്ക് ഓടി രുക്‌മിണിയുടെ മാതാവ് രമാദേവിയെ കൊലപ്പെടുത്താനായി മുതിര്‍ന്നു. ഈ സമയം ഇവരുടെ ഭര്‍ത്താവ് വെങ്കടേഷ് തടയാന്‍ ശ്രമിച്ചുവെങ്കിലും ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതോടെ ഇയാള്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനോടകം വരപ്രസാദ് രമാദേവിയെ കൊലപ്പെടുത്തിയിരുന്നു. ഈ സമയമത്രയും വീടിന് പുറത്ത് കാവല്‍ നിന്ന് ശ്രാവണിന്‍റെ മാതാവ് കൃഷ്‌ണവേണിയും കൊലപാതകത്തില്‍ തന്‍റെ പങ്ക് നിര്‍വഹിച്ചു.
കൊലപാതകശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ വെങ്കടേശ് പ്രദേശവാസികളുടെ സഹായത്തോടെ ഇതിനോടകം കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് കുര്‍ണൂല്‍ ഫോര്‍ത്ത് ടൗണ്‍ സ്‌റ്റേഷനില്‍ നിന്ന് സിഐ ഉള്‍പ്പടെയുള്ള പൊലീസ് സംഘമെത്തി പിറ്റേന്ന് തന്നെ പ്രതികളെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വാങ്ങി.