മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ (Mammootty) ഏറ്റവും പുതിയ റിലീസായ 'കണ്ണൂര്‍ സ്‌ക്വാഡ്' 100 കോടി ക്ലബ്ബില്‍ (Kannur Squad enters 100 crore club). സെപ്‌റ്റംബര്‍ 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 35 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ആഗോളതലത്തില്‍ 100 കോടി രൂപ കലക്‌ട് ചെയ്‌തത്. ഇക്കാര്യം മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
'കണ്ണൂര്‍ സ്‌ക്വാഡ്' ആഗോളതലത്തില്‍ 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു എന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷം ഉണ്ട്! ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാർത്ഥ പ്രേരകശക്തിയായ പ്രേക്ഷകരുടെ അചഞ്ചലമായ പിന്തുണയ്‌ക്ക് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി എന്ന് കുറിച്ചുകൊണ്ടാണ് മമ്മൂട്ടി കമ്പനി ഫേസ്‌ബുക്കില്‍ സന്തോഷം പങ്കുവച്ചത്.
ഒപ്പം സിനിമയുടെ പുതിയ പോസ്‌റ്ററും മമ്മൂട്ടി കമ്പനി പങ്കുവച്ചിട്ടുണ്ട്. നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മമ്മൂട്ടിയുടെ നാലാമത്തെ ചിത്രമാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. 'ഭീഷ്‌മ പര്‍വം', 'മധുരരാജ', 'മാമാങ്കം' എന്നീ സിനിമകളാണ് ഇതിന് മുമ്പ് മമ്മൂട്ടിയുടേതായി 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാള സിനിമകള്‍ (Mammootty 100 crore movies).
പ്രദര്‍ശന ദിനം മുതല്‍ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ചിത്രത്തിന് ഇപ്പോഴും തിയേറ്ററുകളില്‍ പ്രേക്ഷകരുണ്ട്. 'കണ്ണൂര്‍ സ്‌ക്വാഡി'ന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതും മാധ്യമശ്രദ്ധ നേടിയിരുന്നു. ഒമ്പത് ദിവസം കൊണ്ടാണ് 'കണ്ണൂര്‍ സ്‌ക്വാഡ്' ആഗോളതലത്തില്‍ 50 കോടി രൂപ കലക്‌ട് ചെയ്‌തത്.
Also Read:Mammootty Kannur Squad Movie ശത്രുക്കളെ അടിച്ചു തുരത്തി മമ്മൂട്ടിയും ടീമും; കണ്ണൂര്‍ സ്‌ക്വാഡ് സക്‌സസ് ടീസര്‍ പുറത്ത്
ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച വേളയില്‍ 'കണ്ണൂര്‍ സ്‌ക്വാഡ്' ടീം സിനിമയുടെ വിജയം ആഘോഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ സക്‌സസ് ടീസര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു (Kannur Squad Success Teaser). സിനിമയിലെ പ്രധാന രംഗങ്ങളില്‍ ഒന്നായ തിക്രി ഗ്രാമത്തിലെ സംഘട്ടന രംഗങ്ങള്‍ കോര്‍ത്തിണക്കിയതായിരുന്നു 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ സക്‌സസ് ടീസര്‍.
കൂടാതെ സിനിമയുടെ വിജയത്തില്‍ അഭിനന്ദനം അറിയിച്ച് ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു ദുല്‍ഖറുടെ പ്രതികരണം. 'കണ്ണൂര്‍ സ്‌ക്വാഡിന്‍റെ എല്ലാ ടീം അംഗങ്ങള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഒപ്പം ചിത്രത്തിന് നല്‍കുന്ന അനന്തമായ സ്‌നേഹത്തിന് പ്രേക്ഷകരോട് വലിയ നന്ദി' -ഇപ്രകാരമാണ് ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
ദുല്‍ഖറിനെ കൂടാതെ വിനീത് ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും 'കണ്ണൂര്‍ സ്‌ക്വാഡി'നെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. 'കണ്ണൂര്‍ സ്‌ക്വാഡ്', 'പൊളി പടം' എന്നാണ് കല്യാണിയുടെ കമന്‍റ്. മെഗാസ്‌റ്റാര്‍ മമ്മൂട്ടി ആശ്ചര്യപ്പെടുത്തുന്നത് തുടരുന്നു എന്നായിരുന്നു വിനീത് ശ്രീനിവാസന്‍റെ അഭിപ്രായം.
'കണ്ണൂർ സ്ക്വാഡ്!! എന്തൊരു ചിത്രം!! മമ്മൂട്ടി അങ്കിൾ, നിങ്ങൾ ആശ്ചര്യപ്പെടുത്തുന്നതും പ്രചോദിപ്പിക്കുന്നതും തുടരുന്നു. അഭിനേതാവ് എന്ന നിലയിലെ പ്രകടനത്തെ കുറിച്ചും, മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും മമ്മൂട്ടി കമ്പനിയെ ഇത്രയും നിലവാരമുള്ള ചിത്രങ്ങള്‍ നിർമിക്കുന്ന ബ്രാൻഡാക്കി മാറ്റിയ രീതിയെ കുറിച്ചും പറയാൻ എനിക്ക് വാക്കുകള്‍ ഇല്ല! റോബി, റോണി ചേട്ടാ.. നിങ്ങള്‍ എല്ലാവരും ചേർന്ന് ഇത്തരം ഒരു സിനിമ ചെയ്യുന്നത് കാണുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്!!' -ഇപ്രകാരമാണ് കണ്ണൂര്‍ സ്‌ക്വാഡിനെ കുറിച്ചുള്ള വിനീത് ശ്രീനിവാസന്‍റെ അഭിപ്രായം.
മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തില്‍ വിജയരാഘവൻ, ഡോക്‌ടര്‍ റോണി, കിഷോർ, അസീസ് നെടുമങ്ങാട്, ധ്രുവൻ, ദീപക് പറമ്പോല്‍, ശബരീഷ്, അർജുൻ രാധാകൃഷ്‌ണൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. റോബി വർഗീസ് രാജ് ആണ് സിനിമയുടെ സംവിധാനം. റോണിയും ഷാഫിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്.
Also Read:Kannur Squad song: ജോര്‍ജ് മാര്‍ട്ടിന്‍റെ ഇന്‍ട്രോ ഗാനം; സുഷിന്‍ ശ്യാമിന്‍റെ സംഗീതത്തില്‍ കണ്ണൂര്‍ സ്‌ക്വാഡിലെ 'കാലന്‍ പുലി കതറണ്'