കൊൽക്കത്ത: ഗോത്ര വിഭാഗങ്ങളുടെ ഭൂമി അവകാശങ്ങൾ സംരക്ഷിക്കാൻ രാജ്യത്ത് നിയമം കൊണ്ടുവരണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അന്താരാഷ്‌ട്ര ഗോത്ര ദിനാഘോഷത്തിന്‍റെ ഭാഗമായി ജാർഗ്രാമിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത.
'ഇന്ന് അന്താരാഷ്‌ട്ര ഗോത്ര ദിനം. ഇന്ന് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവും ആരംഭിച്ച ദിവസമാണിത്. സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ ആദിവാസി സഹോദരങ്ങളുടെ സംഭാവന മറക്കാനാവില്ല. ഞാൻ അവരെ നമിക്കുന്നു.
ALSO READ:'സമുദ്ര വ്യാപാരത്തിനുള്ള തടസം നീക്കണം' ; യു.എന്‍ രക്ഷാസമിതിയില്‍ പ്രധാനമന്ത്രി
ഗോത്ര ഭൂമി കൈമാറ്റം ചെയ്യാൻ കഴിയില്ല. ഇതിനായി ഞങ്ങളുടെ സർക്കാർ ഒരു നിയമം കൊണ്ടുവന്നിട്ടുണ്ട്. ഗോത്ര ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രാജ്യം മുഴുവൻ ഈ നിയമം കൊണ്ടുവരണം. ഗോത്ര ക്ഷേമത്തിനായി ഞങ്ങൾ ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ചിട്ടുണ്ട്, മമത പറഞ്ഞു.
ഞങ്ങൾ കഴിഞ്ഞ 3 വർഷമായി ഗോത്ര ദിവസ് ആഘോഷിക്കുന്നു. ഞങ്ങൾ 2017 ൽ ജാർഗ്രാമിനെ ഒരു പുതിയ ജില്ലയാക്കി. ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ, ഒരു യൂണിവേഴ്‌സിറ്റി, നാല് കോളജുകൾ, ഒരു സ്പോർട്സ് കോംപ്ലക്‌സ് എന്നിവ നിർമ്മിച്ചു. ഞങ്ങൾ ഗോത്ര ഭാഷകളെ ബഹുമാനിക്കുന്നു, മമത കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഗോത്ര സമൂഹത്തിലെ പ്രമുഖ വ്യക്തികളെ മമത ആദരിച്ചു. മൂന്നാം തവണ മുഖ്യമന്ത്രിയായ ശേഷം മമത നടത്തുന്ന ആദ്യ ജംഗൽമഹൽ സന്ദർശനമായിരുന്നു ഇത്.