കൊല്‍ക്കത്ത:ഇടതുപക്ഷ മുന്നണിയും കോണ്‍ഗ്രസും അബ്ബാസ് സിദ്ദീഖി രൂപം നല്‍കിയ ഓള്‍ ഇന്ത്യ സെക്യുലര്‍ ഫ്രണ്ടും (എഐഎസ്എഫ്) ഉള്‍പ്പെടുന്ന ഐക്യ മുന്നണിക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ന്യൂനപക്ഷ വോട്ടുകള്‍ പിളര്‍ത്താന്‍ ഐക്യ മുന്നണി ബിജെപിയില്‍ നിന്നും പണം കെെപ്പറ്റിയതായി മമത ആരോപിച്ചു.ദക്ഷിണ 24 പര്‍ഗനാസ് ജില്ലയിലെ പത്തര്‍പ്രതിമയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
“ന്യൂനപക്ഷ വോട്ടുകള്‍ പിളര്‍ക്കുക എന്ന ആസൂത്രണത്തിന്‍റെ ഭാഗമായി ഇടതുപക്ഷവും കോണ്‍ഗ്രസ്സും മറ്റൊരു പാര്‍ട്ടിയും ചേര്‍ന്ന് ബിജെപിയുമായി ഒരു ഗൂഢ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ആ പാര്‍ട്ടി ബിജെപിയില്‍ നിന്നും ധാരാളം പണം കൈപറ്റിയിരിക്കുന്നു. അതിനാല്‍ അവരുടെ ഗൂഢ തന്ത്രങ്ങളില്‍ പെട്ടുപോകരുതെന്നും അതുവഴി നിങ്ങളുടെ വോട്ടുകള്‍ പാഴാക്കി കളയരുതെന്നും ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു'' മമത പറഞ്ഞു.
ഡല്‍ഹിയില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ബില്‍ 2021 പാസാക്കിയതിനെക്കുറിച്ചും മമത പ്രതികരിച്ചു. “ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരങ്ങളെല്ലാം കവര്‍ന്നെടുക്കുന്നതിനായി ബിജെപി ഗൂഢാലോചന നടത്തിയിരിക്കുന്നു. അഡോള്‍ഫ് ഹിറ്റ്ലര്‍ പോലും ഒരിക്കലും ഇത്തരം നടപടികള്‍ കൈ കൊണ്ടിട്ടില്ല,'' മമത പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ നിരവധി അഴിമതികളിലും ഭീഷണിപ്പെടുത്തി പണം വാങ്ങള്‍ നടപടികളിലും ഉള്‍പ്പെട്ടിരിക്കുന്നു എന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നടന്ന റാലികളില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സുവേന്ദു അധികാരിയെ പോലുള്ള സംസ്ഥാന തല നേതാക്കന്മാരും ആരോപണമുന്നയിച്ചിരുന്നു എന്ന് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പത്തര്‍പ്രതിമ റാലിയെ പ്രസ്തുത ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുവാനുള്ള വേദിയാക്കി മാറ്റുകയായിരുന്നു മുഖ്യമന്ത്രി.
“ഞാന്‍ ഒരു കള്ളിയാണോ? ഞാന്‍ ഒരു കൊള്ളക്കാരിയാണോ? ഞാന്‍ ഒരു കൊലപാതകിയാണോ? ഞാന്‍ ജനങ്ങളെ സ്‌നേഹിക്കുന്നു. എന്നാല്‍ നിങ്ങളാണ് കള്ളന്മാര്‍. പിഎം കെയര്‍ ഫണ്ടില്‍ നിന്നും പണം ഊറ്റി കൊണ്ടു പോകുന്നത് നിങ്ങളാണ്. റെയില്‍വെ അടക്കമുള്ള പൊതു മേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കുന്നത് നിങ്ങളാണ്. ആ പണമെല്ലാം എവിടേക്ക് പോകുന്നു?. ജനങ്ങള്‍ക്ക് ഒരിക്കലും ആ പണം ലഭിക്കുന്നില്ല,'' മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്‍റെ അവകാശമായ അംഫന്‍ ഫണ്ടിന്‍റെ ക്രെഡിറ്റും ബിജെപി തട്ടിയെടുക്കുവാന്‍ നോക്കുകയാണെന്ന് മമത ഈ പറഞ്ഞു. ബിജെപി നേതാക്കന്മാര്‍ മാധ്യമങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. “മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളുമായി പതിവായി കൂടിക്കാഴ്ച നടത്തി കൊണ്ടിരിക്കുകയാണ് ബിജെപി. എന്നിട്ട് ഒന്നുകില്‍ അവരെ ഭീഷണിപ്പെടുത്തിയോ അല്ലെങ്കില്‍ അവര്‍ക്ക് കൈക്കൂലി നല്‍കിയോ അവരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുവാന്‍ നിര്‍ബന്ധിക്കുകയാണ്. തെരഞ്ഞെടുപ്പിനു മുന്‍പുള്ള സര്‍വെകള്‍ എല്ലാം തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് കാട്ടുന്നതെങ്കിലും ബിജെപി നേതാക്കന്മാര്‍ അവരോട് തൃണമൂലിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറച്ച് കാട്ടി കൊണ്ടു വേണം സര്‍വെ സംപ്രേഷണം ചെയ്യാനെന്ന് ആവശ്യപ്പെടുകയാണ്'' മുഖ്യമന്ത്രി പറഞ്ഞു.
ത്രിപുരയിലെ ബിജെപിയുടെ ഭരണകാലത്തെ കുറിച്ചും പരാമര്‍ശിക്കുവാന്‍ ഈ വേളയില്‍ മുഖ്യമന്ത്രി മറന്നില്ല. “ത്രിപുരയില്‍ അധികാരത്തില്‍ വന്ന ശേഷം ബിജെപി സര്‍ക്കാര്‍ ഗ്രാറ്റുവിറ്റി നല്‍കുന്നത് നിര്‍ത്തിവെച്ചു. അധ്യാപകരെ കൂട്ടത്തോടെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരിക്കുന്നു. ബംഗാളിലാണ് അവര്‍ ഇങ്ങനെ സ്ത്രീകളെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അവര്‍ അടുക്കളയിലെ പാചക ഉപകരണങ്ങള്‍ കൊണ്ട് ഇക്കൂട്ടരെ ചെറുക്കും. അടിയായിരിക്കും അവര്‍ക്ക് സ്ത്രീകളില്‍ നിന്ന് ലഭിക്കുക. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് എന്നെയും അതുപോലെ തന്നെ കൈകാര്യം ചെയ്യാവുന്നതാണ്,'' മമത കൂട്ടിച്ചേര്‍ത്തു.