ന്യൂഡൽഹി :ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ നിന്ന് വിട്ടുനിന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അദ്ദേഹത്തിനായി നീക്കിവച്ചിരുന്ന മൂന്നാം നമ്പർ കസേര ചെങ്കോട്ടയിൽ ഒഴിഞ്ഞ് കിടന്നു. ആരോഗ്യ കാരണങ്ങൾ മൂലമാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. അതേസമയം ഖാർഗെ തന്‍റെ വസതിയിലും കോണ്‍ഗ്രസ് ആസ്ഥാനത്തും ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കുചേർന്നു. ചടങ്ങിൽ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കളും പങ്കെടുത്തു.
പിന്നാലെ വീഡിയോ സന്ദേശത്തിലൂടെ ഖാർഗെ സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ചു. നെഹ്‌റു മുതൽ മൻമോഹൻ സിങ് വരെയുള്ള പ്രധാനമന്ത്രിമാർ രാഷ്ട്രനിർമാണത്തിൽ നൽകിയ സംഭാനകൾ എടുത്തുപറഞ്ഞാണ് ഖാർഗെ സന്ദേശം ആരംഭിച്ചത്. ബിജെപിയുടെ അടൽ ബിഹാരി വാജ്‌പേയുടെ പേരും പരാമർശിച്ച ഖാർഗെ മോദിക്കെതിരെ പരോക്ഷമായി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
'എല്ലാ പ്രധാനമന്ത്രിമാരും രാജ്യത്തിന്‍റെ പുരോഗതിക്ക് സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാത്രമാണ് ഇന്ത്യ വികസനം കണ്ടിട്ടുള്ളതെന്ന് ഇന്ന് ചിലർ പറയാൻ ശ്രമിക്കുന്നു. അടൽ ബിഹാരി വാജ്‌പേയിക്കൊപ്പം, ഓരോ പ്രധാനമന്ത്രിയും രാഷ്‌ട്രത്തെക്കുറിച്ച് ചിന്തിക്കുകയും വികസനത്തിനായി നിരവധി നടപടികൾ കൈക്കൊള്ളുകയും ചെയ്‌തു.
എന്നാൽ ഇന്ന് ജനാധിപത്യവും ഭരണഘടനയും സ്വയംഭരണ സ്ഥാപനങ്ങളും ഗുരുതരമായ ഭീഷണിയിലാണ് എന്ന് ഞാൻ വേദനയോടെ പറയാൻ ആഗ്രഹിക്കുന്നു. ശബ്‌ദത്തെ അടിച്ചമർത്താൻ പുതിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. സിബിഐ, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്, ആദായനികുതി റെയ്‌ഡുകൾ മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും ദുർബലപ്പെടുത്തുന്നു. പ്രതിപക്ഷ എംപിമാരെ കബളിപ്പിക്കുന്നു, സസ്‌പെൻഡ് ചെയ്യുന്നു, മൈക്കുകൾ നിശബ്ദമാക്കുന്നു, പ്രസംഗങ്ങൾ ഇല്ലാതാക്കുന്നു...' ഖാർഗെ പറഞ്ഞു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് (ഐഐഎം), എയിംസ്, ബഹിരാകാശ ഗവേഷണം, ആണവ ഗവേഷണം എന്നിവയെ നിലവിലെ സർക്കാർ തുരങ്കം വച്ചുകൊണ്ടിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയിൽ കല, സംസ്‌കാരം, സാഹിത്യം എന്നിവയെ പ്രോത്സാഹിപ്പിച്ചത് നെഹ്‌റുവാണ്. ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ഇന്ദിരാഗാന്ധിയുടെയും നയങ്ങൾ ഇന്ത്യയെ ആത്മ നിർഭർ ആക്കാൻ സഹായിച്ചു, ഖാർഗെ പറഞ്ഞു.
മഹാനായ നേതാക്കൾ പുതിയ ചരിത്രം സൃഷ്‌ടിക്കാൻ മുൻകാല ചരിത്രം മായ്‌ക്കുന്നില്ല. എന്നാൽ ഇവർ എല്ലാം പുനർനാമകരണം ചെയ്യാൻ ശ്രമിക്കുന്നു. ഇവർ പഴയ പദ്ധതികളുടെയും അടിസ്ഥാന സൗകര്യ പദ്ധതികളുടെയും പേരുമാറ്റി. അവരുടെ സ്വേച്ഛാധിപത്യ വഴികളിലൂടെ ജനാധിപത്യത്തെ കീറിമുറിക്കുന്നു. ഇപ്പോൾ അവർ രാജ്യത്ത് സമാധാനം സ്ഥാപിക്കുന്ന പഴയ നിയമങ്ങളുടെ പേര് മാറ്റുന്നു. ആദ്യം, അവർ പറഞ്ഞു 'അച്ഛേ ദിൻ', പിന്നെ 'പുതിയ ഇന്ത്യ', ഇപ്പോൾ 'അമൃത് കാൽ', ഖാർഗെ കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്തെ ജനങ്ങൾക്കൊപ്പമാണ് തങ്ങൾ സ്വാതന്ത്ര്യം ആഘോഷിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോർ പറഞ്ഞു. 'ലോക്‌സഭ പ്രതിപക്ഷ നേതാവിനെ സസ്‌പെൻഡ് ചെയ്യുമ്പോൾ.. എംപിമാരെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്യുമ്പോൾ.. അദാനിയെ പരാമർശിച്ചാൽ പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങൾ നീക്കം ചെയ്യപ്പെടുമ്പോൾ.. മൈക്കുകൾ ഓഫാകുമ്പോൾ.. നമുക്ക് മറ്റെന്തു ചെയ്യാൻ കഴിയും? ജനങ്ങൾക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കൂ.' അദ്ദേഹം ട്വീറ്റ് ചെയ്‌തു.