ന്യൂഡൽഹി: ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയുടെ പേര് നിർദേശിച്ച് നേതാക്കൾ (Mallikarjun Kharge Proposed as PM Face of INDIA Bloc). ഡൽഹിയിൽ പുരോഗമിക്കുന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർഗെയെ ഉയർത്തിക്കാട്ടിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും (Mamata Banerjee) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും (Arvind Kejriwal) ചേർന്നാണ് ഖാർഗെയെ നാമനിർദേശം ചെയ്‌തതെന്ന് എംഡിഎംകെ നേതാവ് വൈക്കോ (MDMK leader Vaiko) പറഞ്ഞു.
വൈക്കോ മാത്രമാണ് ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയത്. മുന്നണി യോഗത്തിൽ പങ്കെടുത്ത മറ്റ് പ്രധാന നേതാക്കൾ പ്രതികരണത്തിൽ നിന്ന് വിട്ടുനിന്നു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെപ്പറ്റി അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് യോഗത്തിൽ പങ്കെടുത്ത പല നേതാക്കളും പ്രതികരിച്ചത്.
ആദ്യ ദളിത് പ്രധാനമന്ത്രി: 28 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്ത യോഗത്തിൽ രാജ്യത്തിന്‍റെ ആദ്യ ദളിത് പ്രധാനമന്ത്രി എന്ന നിലയിലാണ് ഖാർഗെയുടെ പേര് നിർദേശിക്കപ്പെട്ടത്. വിജയിക്കുക എന്നതാണ് പ്രധാനമെന്നും, ബാക്കി എല്ലാം പിന്നീട് തീരുമാനിക്കാമെന്നുമാണ് ഖാർഗെ ഇതേപ്പറ്റി പ്രതികരിച്ചത്. "ഞാൻ അധഃസ്ഥിതർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്, ആദ്യം ജയിക്കട്ടെ, പിന്നെ കാണാം, ഞാൻ ഒന്നും ഇച്ഛിക്കുന്നില്ല." -ഖാർഗെ പറഞ്ഞു.
Also Read:'ഇത് നമോക്രസി', മോദി സർക്കാർ ജനാധിപത്യത്തെ തകർക്കാൻ ആഗ്രഹിക്കുന്നു... രൂക്ഷവിമർശനവുമായി ഖാർഗെ