ന്യൂഡല്‍ഹി: രാജ്യ വ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സാമൂഹ്യനീതി ഉറപ്പ് വരുത്താനും ജാതി സെന്‍സസ് ആവശ്യമാണെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡല്‍ഹിയില്‍ പറഞ്ഞു (Mallikarjun Kharge About Caste Census). കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി പ്രവര്‍ത്തക സമിതിയംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഘ്യാനുപാതികമായി പിന്നാക്ക വിഭാഗങ്ങൾക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്താന്‍ ബിജെപിക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. 'വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെയും ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തില്‍ മികച്ച ഏകോപനത്തോടെയും അച്ചടക്കത്തോടെയും ഐക്യത്തോടെയും പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാവണം', ഖാര്‍ഗേ ആഹ്വാനം ചെയ്‌തു. സാമൂഹ്യ സാമ്പത്തിക സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ദുര്‍ബല വിഭാഗക്കാര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാവൂ. എങ്കില്‍ മാത്രമേ അവര്‍ക്ക് അര്‍ഹമായ പങ്ക് ഉറപ്പ് വരുത്താനാവൂ. ഇതിന് ജാതി സെന്‍സസ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
2024ല്‍ അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസ് വനിത സംവരണ ബില്‍ നടപ്പാക്കുമെന്നും എഐസിസി അധ്യക്ഷന്‍ വ്യക്തമാക്കി. ബിജെപി സര്‍ക്കാരിന്‍റെ പരാജയം തുറന്നുകാട്ടാന്‍ രംഗത്തിറങ്ങണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രവര്‍ത്തക സമിതി അംഗങ്ങളോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബിജെപിയുടെ കുപ്രചാരണവും നുണ പ്രചാരണവും ഏറി വരുന്നതിനെ കരുതിയിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.