ന്യൂഡല്‍ഹി : പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര ഇന്ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും (Mahua Moitra to appear before Lok Sabha Ethics Committee). രാവിലെ 11 മണിയോടെ മഹുവ മൊയ്‌ത്ര എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് വിവരം. തനിക്കെതിരെ സത്യവാങ്‌മൂലം നല്‍കിയ ഹിരാനന്ദാനി ഗ്രൂപ് സിഇഒ ദര്‍ശന്‍ ഹിരാനന്ദിയേയും അഭിഭാഷകനായ ജയ് ദേഹാദ്രിയേയും വിസ്‌തരിക്കാന്‍ അനുവദിക്കണമെന്ന് മഹുവ മൊയ്‌ത്ര കമ്മിറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ദുബായ് ആസ്ഥാനമായുള്ള വ്യവസായി ദര്‍ശന്‍ ഹിരാനന്ദിയില്‍ നിന്ന് മഹുവ മൊയ്‌ത്ര കൈക്കൂലി വാങ്ങി എന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണം (Cash for query case against Mahuva Moitra).
വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നിഷികാന്ത് ദുബെ ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ലക്ക് കത്തയച്ചിരുന്നു. മഹുവ മൊയ്‌ത്ര കൈക്കൂലി വാങ്ങി എന്നതിനുള്ള തെളിവുകള്‍ അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രി തനിക്ക് നല്‍കി എന്നും ദുബെ അവകാശപ്പെട്ടു. ബിജെപി എംപി വിനോദ് കുമാര്‍ സോങ്കര്‍ ചെയര്‍മാനായ എത്തിക്‌സ് കമ്മിറ്റിക്ക് താന്‍ അയച്ച കത്ത് ഇന്നലെ (നവംബര്‍ 1) മഹുവ മൊയ്‌ത്ര പരസ്യമാക്കിയിരുന്നു.
തന്‍റെ എക്‌സ് ഹാന്‍ഡിലില്‍ തൃണമൂല്‍ എംപി കത്ത് പങ്കുവച്ചു. 'എനിക്കുള്ള സമന്‍സ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കുന്നത് ഉചിതമാണെന്ന് എത്തിക്‌സ് കമ്മിറ്റി കരുതുന്നതിനാല്‍, ഞാന്‍ കമ്മിറ്റിക്ക് അയച്ച കത്ത് നാളെ എന്‍റെ ഹിയറിങ്ങിന് മുന്‍പായി പരസ്യമാക്കുന്നത് പ്രധാനമാണെന്ന് ഞാനും കരുതുന്നു' -ഇങ്ങനെ കുറിച്ചുകൊണ്ടാണ് മഹുവ മൊയ്‌ത്ര കത്ത് എക്‌സില്‍ പങ്കിട്ടത്.