റാഞ്ചി : അന്താരാഷ്‌ട്ര ക്രിക്കറ്റ് ടീമില്‍ നിന്നും വിരമിച്ച ശേഷം മുന്‍ ഇന്ത്യന്‍ ടീം ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ് ധോണി ബിസിനസിലും മികവ് തെളിയിച്ച് മുന്നേറുകയാണ്. സംരംഭങ്ങളുടെ വിപുലീകരണത്തിലൂടെ ധോണിയുടെ വ്യക്തിഗത വരുമാനവും തുടര്‍ച്ചയായി വര്‍ധിക്കുകയാണെന്ന് ആദായ നികുതി വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ അതായത്, 2022 ഏപ്രിൽ മുതൽ ഒക്‌ടോബര്‍ വരെ 17 കോടി രൂപ മുന്‍കൂര്‍ നികുതിയായി ആദായനികുതി വകുപ്പില്‍ ധോണി നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മുന്‍കൂര്‍ നികുതിയായി അടച്ചത് 13 കോടി രൂപയായിരുന്നു. ഈ വര്‍ഷത്തിന്‍റെ അവസാനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്‍റെ വരുമാനത്തില്‍ 30 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആദായനികുതി വകുപ്പിന്‍റെ കണക്കുകള്‍ ഇങ്ങനെ : 2021-22 വർഷത്തേക്ക് അദ്ദേഹം ആദായനികുതി വകുപ്പിന് 38 കോടി രൂപ നികുതി മുന്‍കൂട്ടി അടച്ചിരുന്നു. ഈ വർഷത്തെ അദ്ദേഹത്തിന്‍റെ മൊത്തം വരുമാനം ഏകദേശം 130 കോടിയാണ്. 2020-21 വർഷത്തിൽ, അദ്ദേഹം ഏകദേശം 30 കോടി രൂപയാണ് നികുതിയായി അടച്ചത്. എന്നാല്‍, 2019-20, 2018-19 വർഷങ്ങളിൽ 28 കോടി രൂപയും അടച്ചു.
അതേസമയം, കണക്കുകൾ പ്രകാരം 2017-18ൽ 12.17 കോടിയും 2016-17ൽ 10.93 കോടിയും നികുതിയടച്ചിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റ് ടീമില്‍ തന്‍റെ കരിയര്‍ ആരംഭിച്ചത് മുതല്‍ ജാര്‍ഖണ്ഡില്‍ വ്യക്തിഗത വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന നികുതി നല്‍കുന്നത് മഹേന്ദ്ര സിങ് ധോണിയാണെന്നാണ് ആദായനികുതി വകുപ്പിന്‍റെ കണക്ക്.
2020 ഓഗസ്റ്റ് 15ന്, അന്താരാഷ്‌ട്ര ക്രിക്കറ്റിന്‍റെ എല്ലാ തലങ്ങളില്‍ നിന്നും അദ്ദേഹം അകലം പാലിച്ചിരുന്നു. ശേഷം, ബിസിനസിലേയ്‌ക്ക് കാലുറപ്പിച്ച ധോണി സംരംഭങ്ങളില്‍ നൂറുമേനിയാണ് വിജയം കൊയ്‌തത്. എങ്കിലും ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ ഐപിഎല്ലുമായി ഇപ്പോഴും അദ്ദേഹത്തിന്‍റെ ബന്ധം നിലനില്‍ക്കുന്നു.
ധോണിയുടെ നിക്ഷേപങ്ങള്‍ ഇങ്ങനെ : നിരവധി കമ്പനികളിലാണ് മുന്‍ ക്യാപ്‌റ്റന്‍ ഇതിനോടകം തന്നെ നിക്ഷേപം നടത്തിയത്. സ്പോർട്‌സ് വെയർ, ഹോം ഇന്‍റീരിയര്‍ കമ്പനിയായ ഹോംലെയ്ൻ, ഉപയോഗിച്ച കാറുകളുടെ വിൽപ്പന കമ്പനിയായ കാർസ് 24, സ്റ്റാർട്ടപ്പ് കമ്പനിയായ ഖതാബുക്ക്, ബൈക്ക് റേസിംഗ് കമ്പനി, സ്പോർട്‌സ് കമ്പനിയായ റൺ ആദം, ക്രിക്കറ്റ് കോച്ചിംഗ് തുടങ്ങിയവയിലാണ് അദ്ദേഹത്തിന്‍റെ നിക്ഷേപം. മാത്രമല്ല, റാഞ്ചിയിൽ ഏകദേശം 43 ഏക്കർ സ്ഥലത്താണ് അദ്ദേഹം ജൈവകൃഷി ചെയ്യുന്നത്. അടുത്തിടെ, ഗരുഡ എയ്‌റോസ്‌പേസുമായി ചേർന്ന് ഡ്രോൺ നിർമാണത്തിനായി അദ്ദേഹം 'ദ്രോണി' എന്ന പേരിലും ഒരു സംരംഭം ആരംഭിച്ചിരുന്നു.
എംഎസ് ധോണി ഗ്ലോബൽ സ്‌കൂളും ഈ വർഷം ബെംഗളൂരുവില്‍ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ ധോണിയും ഭാര്യ സാക്ഷിയും ചേർന്ന് 'ധോണി എന്‍റര്‍ടെയ്ൻമെന്‍റ്' എന്ന പേരിൽ സിനിമ നിർമാണ കമ്പനിക്കും തുടക്കമിട്ടു. രമേഷ് തമിഴ്‌മണി സംവിധാനം ചെയ്യുന്ന 'ധോണി എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ' ആദ്യ ചിത്രം തമിഴിൽ നിർമിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.