മുംബൈ : മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള വിഭാഗം എന്‍ഡിഎയില്‍ ചേര്‍ന്നു. നാടകീയ നീക്കത്തിനൊടുവില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. അജിത് പവാറടക്കം 9 പേരാണ് മന്ത്രിസഭയിലെത്തിയത്. ഛഗന്‍ ഭുജ്ബല്‍, ധര്‍മറാവു അത്രം, സുനില്‍ വല്‍സാദെ, അതിഥി താക്കറെ, ഹസന്‍ മുഷ്റിഫ്, ധനനി മുണ്ടെ, അനില്‍ പാട്ടീല്‍, ദലീപ് വല്‍സെപതി എന്നിവരാണ് പുതിയ മന്ത്രിമാര്‍. ഗവര്‍ണര്‍ രമേഷ് ബൈസ് ഇവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനും ഒപ്പമാണ് അജിത് പവാര്‍ ഗവര്‍ണറെ കാണാന്‍ രാജ്‌ഭവനിലെത്തിയത്. രാവിലെ അജിത് പവാറിന്‍റെ മുംബൈയിലെ വസതിയില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയ നീക്കത്തിലൂടെ അജിത് പവാര്‍ പാര്‍ട്ടി പിളര്‍ത്തി എന്‍ഡിഎയില്‍ ചേര്‍ന്നത്.
പിളര്‍പ്പ് സംബന്ധിച്ച്, തനിക്കൊന്നും അറിയില്ലെന്നായിരുന്നു മുതിര്‍ന്ന നേതാവ് ശരദ് പവാറിന്‍റെ പ്രതികരണം. 288 അംഗ നിയമസഭയില്‍ എന്‍സിപിക്ക് 54 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 29 പേരാണ് അജിത് പവാര്‍ പക്ഷത്തുള്ളത്. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി - ശിവസേന സഖ്യത്തിന് കൂടുതല്‍ സീറ്റ് ലഭിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയെ ചൊല്ലി തര്‍ക്കമുണ്ടായതോടെ ശിവസേന എന്‍ഡിഎ വിടുകയായിരുന്നു.
ഇതിനിടെ അജിത് പവാര്‍ എന്‍ഡിഎയില്‍ ചേക്കേറി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും തൊട്ടുപിന്നാലെ എന്‍സിപിയില്‍ തന്നെ തിരിച്ചെത്തി. തുടര്‍ന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് മഹാവികാസ് അഘാഡി രൂപീകരിച്ച് ഭരണത്തിലേറി. എന്നാല്‍ ഏക്‌നാഥ് ഷെന്‍ഡെ ശിവസേന പിളര്‍ത്തി എന്‍ഡിഎയിലെത്തിയതോടെ ഉദ്ധവ് സര്‍ക്കാര്‍ വീഴുകയും ബിജെപി അധികാരത്തില്‍ തിരിച്ചെത്തുകയുമായിരുന്നു.
കഴിഞ്ഞ വർഷം ജൂണിലാണ് മന്ത്രിയായിരുന്ന ഏക്‌നാഥ് ഷിൻഡെയും 39 എംഎൽഎമാരും താക്കറെയ്‌ക്കെതിരെ കലാപം ഉണ്ടാക്കി ശിവസേനയെ പിളർത്തിയത്. തുടര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ ജൂൺ 30ന് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യ മൂന്ന് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുമ്പോൾ ഭഗത് സിംഗ് കോഷിയാരിയായിരുന്നു ഗവര്‍ണര്‍.
ലോക്‌സഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ശേഷിക്കെയാണ് മഹാരാഷ്ട്രയിലെ അട്ടിമറി. അടുത്ത ഒക്ടോബറിലാണ് നിയമസഭ തെരഞ്ഞെടുപ്പ്.അജിത് പവാര്‍ പക്ഷത്തിന്‍റെ മന്ത്രിസഭാപ്രവേശനത്തോടെ ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾ ട്രിപ്പിൾ എഞ്ചിനായി മാറിയെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ പ്രതികരണം.
'ഇപ്പോൾ ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്. ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾ ട്രിപ്പിൾ എഞ്ചിനായി മാറിയിരിക്കുന്നു. മഹാരാഷ്ട്രയുടെ വികസനത്തിന് അജിത് പവാറിനെയും അദ്ദേഹത്തിന്‍റെ നേതാക്കളെയും ഞാൻ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്‍റെ അനുഭവപരിചയം മഹാരാഷ്ട്രയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകും. ഈ സർക്കാർ ഇനി ബുള്ളറ്റ് ട്രെയിനിന്‍റെ വേഗതയിൽ ഓടും' - അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു.