മുംബൈ : മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, വിമത എംഎല്‍എമാര്‍ക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി ശിവസേന. ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പടെ 16 വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നിയമ നടപടികള്‍ പാർട്ടി ആരംഭിച്ചതായി എംപിയും ശിവസേന നേതാവുമായ അരവിന്ദ് സാവന്ത് അറിയിച്ചു. അയോഗ്യരാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ക്ക് ശിവസേന നോട്ടിസ് നല്‍കി.
ഒരാൾ സ്വമേധയാ പാർട്ടി അംഗത്വം ഉപേക്ഷിച്ചാലോ ഒരു നിയമസഭാംഗം സഭയ്ക്ക് പുറത്ത് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാലോ അയോഗ്യരാക്കാനാകും. ശിവസേന നിരവധി യോഗങ്ങൾ വിളിച്ചുവെങ്കിലും വിമത എംഎല്‍എമാർ പ്രതികരിച്ചില്ല. മറ്റൊരു സംസ്ഥാനത്തേക്ക് പോകുകയും സർക്കാരിനെതിരെ കത്തെഴുതുകയും ചെയ്‌തതിലൂടെ 16 എംഎല്‍എമാരും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിചാരണ നേരിടാനും അയോഗ്യരാക്കപ്പെടാനും മതിയായ കാരണമാണെന്ന് മഹാരാഷ്‌ട്ര സര്‍ക്കാരിന്‍റെ നിയമോപദേശകനായ അഡ്വക്കേറ്റ് ദേവദത്ത് കാമത്ത് പറഞ്ഞു.
മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ തങ്ങളുടെ സ്ഥാനം നിലനില്‍ക്കുമെന്ന വിമത എംഎൽഎമാരുടെ അവകാശവാദം, മറ്റൊരു പാർട്ടിയുമായി ലയനമുണ്ടായാൽ മാത്രമേ യാഥാര്‍ഥ്യമാകൂ. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാലും ഇപ്പോഴും മറ്റൊരു പാര്‍ട്ടിയുമായി ലയനം ഇല്ലാത്തതിനാലും വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കഴിയുമെന്ന് ദേവദത്ത് കാമത്ത് വ്യക്തമാക്കി.
യോഗം വിളിച്ച് ശരദ് പവാര്‍ : ഇതിനിടെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ സഖ്യ കക്ഷികളുടെ യോഗം വിളിച്ചു. കോൺഗ്രസ് നേതാക്കളും മന്ത്രിമാരുമായ ബാലാസാഹേബ് തോറാട്ട്, അശോക് ചവാൻ, ശിവസേന നേതാവും മന്ത്രിയുമായ അനിൽ പരബ്, ശിവസേന നേതാവ് അനിൽ ദേശായി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഉപമുഖ്യമന്ത്രി അജിത് പവാർ, ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീല്‍ എന്നിവരും മുംബൈയിലെ വസതിയിലെത്തി പവാറുമായി കൂടിക്കാഴ്‌ച നടത്തി.