മുംബൈ : മഹാരാഷ്‌ട്രയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 164 ആയി. 100 പേരെ ഇനിയും കണ്ടെത്താനുണ്ട്. 56 പേർ പരിക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്.
ദുരിതബാധിതരെ രക്ഷപ്പെടുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. മഴ ശമിക്കാത്തത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നുണ്ട്.
1,028 ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം കാര്യമായി ബാധിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ നിന്നായി ഏകദേശം 2 .29 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 259 ക്യാമ്പുകളിലായി 7,832 പേരാണ് താമസിക്കുന്നത്.
മുഖ്യമന്ത്രി ദുരിതബാധിത സ്ഥലങ്ങളിലെത്തും
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സതാര ജില്ലയിലെ പാടൻ താലൂക്കിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
1500 ഓളം പേരെ ഇന്നലെ ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അസിസ്റ്റന്‍റ് കമാൻഡന്‍റ് വിക്രം പറഞ്ഞു. ജലനിരപ്പ് രണ്ട് അടി കുറഞ്ഞു, പക്ഷേ ഇപ്പോഴും അപകട നില തുടരുകയാണ്. ഷിരോലിയില്‍ വീടുകളും റോഡുകളും വാണിജ്യ സ്ഥാപനങ്ങളും ഇപ്പോഴും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.
അതേസമയം രക്ഷാപ്രവർത്തനത്തിന് സ്‌ത്രീകളുടെ ഒരു സംഘത്തെ അത്യാവശ്യമുണ്ടെന്നും അവരെ എത്തിക്കുന്നതിനായി ശ്രമം തുടരുകയാണെന്നും ദുരന്ത നിവാരണ സേന അസിസ്റ്റന്‍റ് കമാൻഡന്‍റ് വിക്രം പറഞ്ഞു.
also read :മഹാരാഷ്‌ട്രയിലെ മഴയിൽ 112 മരണം; അനുശോചിച്ച് സൗദി അറേബ്യ