മുംബൈ: മഹാരാഷ്‌ട്രയില്‍ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി ഉപമുഖ്യമന്ത്രി അജിത് പവാര്‍. ഇത് സംബന്ധിച്ച് അതത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി അജിത് പവാര്‍ വ്യക്തമാക്കി. ഛത്രപതി ശിവാജി മഹാരാജിന്‍റെ ജന്മവാര്‍ഷിക ദിനത്തില്‍ ശിവനേരി ഫോര്‍ട്ടില്‍ നടന്ന പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്‌ട്രയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അജിത് പവാര്‍ - Ajit Pawar news
മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അതത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍ വ്യക്തമാക്കി.
ജില്ലകളിലെ കൊവിഡ് സാഹചര്യമനുസരിച്ച് ആവശ്യമെങ്കില്‍ രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമായി ഫെബ്രുവരി 21 ന് യോഗം ചേരുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ചില ജില്ലകളില്‍ കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശിവജയന്തിയും മറ്റ് ആഘോഷങ്ങളും ലളിതമായി കൊണ്ടാടണമെന്ന സര്‍ക്കാറിന്‍റെ അഭ്യര്‍ഥന മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല. ശിവനേരി ഫോര്‍ട്ടിന്‍റെ വികസനത്തിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച 23.50 കോടി രൂപ കൈമാറിയതായും അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു.