ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ സ്ഥിതി ചെയ്യുന്ന പുരാതന പള്ളികളിലൊന്നാണ് മസ്‌ജിദ് ഇ ജഹാൻ നുമാ, ജാമിയ മസ്‌ജിദ്, ജാമി മസ്‌ജിദ് എന്നി പേരുകളില്‍ അറിയപ്പെടുന്ന ജമാ മസ്‌ജിദ്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ പണി കഴിപ്പിച്ച ജമാ മസ്‌ജിദിന് സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് അഭയം നല്‍കിയ ഒരു ചരിത്രം കൂടിയുണ്ട്.
ഒന്നാം സ്വാതന്ത്ര്യ സമരം പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്‌ലിമുകള്‍ ആരംഭിച്ചതെന്നായിരുന്നു ബ്രിട്ടീഷുകാരുടെ വാദം. നിരവധി പള്ളികള്‍ തകര്‍ത്ത ബ്രിട്ടീഷ് ഇക്കാലയളവില്‍ ജമാ മസ്‌ജിദ് പിടിച്ചെടുക്കുകയും ആരാധനക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തു. ഏറെക്കാലം അടഞ്ഞുകിടന്ന മസ്‌ജിദ് 1862ലാണ് ആരാധനക്കായി തിരികെ നല്‍കുന്നത്.
സ്വാതന്ത്ര്യം ലഭിച്ചെങ്കിലും വിഭജനമെന്ന മുറിവ് സമ്മാനിച്ചാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത്. വിഭജന കാലത്ത് ഹിന്ദു-മുസ്‌ലിം ഐക്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക സ്ഥാനം വഹിച്ച മൗലാന അബ്‌ദുല്‍ കലാം ആസാദ് അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ പ്രസംഗം നടത്തുന്നത് ഡല്‍ഹിയിലെ ജമാ മസ്‌ജിദിന്‍റെ പരിസരത്ത് നിന്നു കൊണ്ടായിരുന്നു.
'ഇന്ത്യയുടെ രാഷ്‌ട്രീയത്തിന്‍റെ മനോഭാവം മാറിയിരിക്കുന്നു. മുസ്‌ലീം ലീഗിന് ഇനി ഇവിടെ സ്ഥാനമില്ല. നന്നായി ചിന്തിക്കാനാകുമോ ഇല്ലയോ എന്നത് ഇപ്പോൾ നമ്മുടെ കൈയ്യിലാണ്. ഈ ചിന്ത മനസില്‍ വച്ചുകൊണ്ട്, നവംബർ രണ്ടാം വാരം രാജ്യത്തെ മുസ്‌ലീം നേതാക്കളെ ഡൽഹിയിലേക്ക് ഞാന്‍ ക്ഷണിച്ചിട്ടുണ്ട്. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. നമ്മുടെ നന്മ നമ്മുടെ കയ്യിലാണ്,' പ്രസിദ്ധമായ ആ പ്രസംഗത്തില്‍ നിന്നുള്ള വരികളാണിത്.
അബുൽ കലാം ആസാദിനെ കൂടാതെ മറ്റൊരാള്‍ കൂടി ജമാ മസ്‌ജിദിന്‍റെ പരിസരത്ത് നിന്ന് കൊണ്ട് അന്ന് ചരിത്രപരമായ ഒരു പ്രസംഗം നടത്തി. സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യയുടെ ഹിന്ദു-മുസ്‌ലിം സാഹോദര്യം ദുർബലമാകാൻ തുടങ്ങിയപ്പോൾ, ഈ ജമാ മസ്‌ജിദിന്‍റെ പടിക്കെട്ടില്‍ നിന്നുകൊണ്ടാണ് സ്വാമി ശ്രദ്ധാനന്ദ സരസ്വതി (ഗംഗാ-ജമുനി തഹ്‌സീബ്) യഥാര്‍ഥ ഇന്ത്യന്‍ സ്വത്വത്തെ കുറിച്ച് വിളിച്ചു പറഞ്ഞത്.
ഹിന്ദു-മുസ്‌ലിം ഐക്യം വളർത്തുന്നതില്‍ ശ്രദ്ധാനന്ദ സരസ്വതി നടത്തിയ പ്രസംഗം ഇന്നും പ്രസക്തമാണ്. ഒരു ഹിന്ദു സന്യാസി ജമാ മസ്‌ജിദിന്‍റെ വേദിയിൽ നിന്ന് വേദമന്ത്രങ്ങൾ ചൊല്ലിയതും ചരിത്രത്തില്‍ ഇടംപിടിച്ചു.
ഇന്ത്യയുടെ സ്വത്വം നിലനിർത്തുന്നതിൽ ജമാ മസ്‌ജിദിന് നിര്‍ണായക പങ്കുണ്ട്. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ജമാ മസ്‌ജിദിനെ കുറിച്ച് ഓര്‍ക്കാതെ സ്വാതന്ത്ര്യദിനാഘോഷം അപൂർണമാകും. ആരാധനക്ക് വേണ്ടി 1656ല്‍ സ്ഥാപിച്ച ജമാ മസ്‌ജിദിന് ഹിന്ദു-മുസ്‌ലിം ഐക്യം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക സ്ഥാനമുണ്ട്. ഇന്ന്, ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തിലേക്ക് കടക്കുമ്പോൾ, ജമാ മസ്‌ജിദ് പങ്കുവക്കുന്ന സന്ദേശം വളരെ പ്രസക്തമാണ്.