ലഖ്‌നൗ (ഉത്തര്‍പ്രദേശ്):മാഫിയ തലവനും രാഷ്‌ട്രീയ നേതാവുമായ മുക്താർ അൻസാരിയുടെ സഹായി സഞ്ജീവ് മഹേശ്വരി എന്ന ജീവ കൊല്ലപ്പെട്ടു. ലഖ്‌നൗവിലെ സിവില്‍ കോടതിക്ക് അകത്തുവച്ച് അക്രമികളുടെ വെടിയേറ്റാണ് ദ്വിവേദി കൊലപാതകത്തിലെ പ്രതി കൂടിയായ സഞ്ജീവ് മഹേശ്വരി കൊല്ലപ്പെട്ടത്. അക്രമികളുടെ വെടിയുതിര്‍ക്കലിനിടെ ഒരു കുട്ടിക്കും പൊലീസുകാരനും പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കൊലപാതകം ഇങ്ങനെ:അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികള്‍ കോടതിക്ക് അകത്തെത്തിയത്. തുടര്‍ന്ന് ഇവര്‍ സഞ്ജീവ് മഹേശ്വരിക്കുനേരെ നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ സഞ്ജീവ് മഹേശ്വരി സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപെടുകയായിരുന്നു.സംഭവത്തിന് പിന്നാലെ അക്രമികള്‍ സ്ഥലംവിടുകയും ചെയ്‌തു. നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായ സഞ്ജീവ് മഹേശ്വരിയെ ലഖ്‌നൗ കോടതിയിൽ വിചാരണയ്ക്കായി കൊണ്ടുവന്നപ്പോഴാണ് അക്രമികളുടെ വെടിയുതിര്‍ക്കല്‍. വെടിവയ്‌പ്പിനെ തുടര്‍ന്ന് കോടതിയ്‌ക്കകത്തെ സുരക്ഷ പിഴവ് ചോദ്യം ചെയ്‌ത് അഭിഭാഷകര്‍ പ്രതിഷേധിച്ചതും വലിയ ബഹളത്തിനിടയാക്കി.
ആരാണ് സഞ്ജീവ് മഹേശ്വരി:അധോലാകവുമായി ബന്ധമുള്ള മാഫിയ തലവന്മാരായ മുഖ്താർ അൻസാരി, മുന്ന ബജ്‌റംഗി സംഘവുമായി സഞ്ജീവ് മഹേശ്വരിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ കെമിസ്‌റ്റായി ജോലി ചെയ്‌തിരുന്ന സഞ്ജീവ് മഹേശ്വരി വൈകാതെ അധോലോകത്തിലേക്ക് ആകർഷിക്കപ്പെടുകയായിരുന്നു. അങ്ങനെയിരിക്കെ 2018 ല്‍ ബാഗ്പത് ജയിലിൽ വച്ച് മുന്ന ബജ്‌റംഗി കൊല്ലപ്പെട്ടിരുന്നു. 1997 ഫെബ്രുവരി 10 ന് ലോഹായി റോഡിൽ വച്ച് വെടിയേറ്റ് മരിച്ച മുൻ ബിജെപി മന്ത്രി ബ്രഹ്മദത്ത് ദ്വിവേദിയുടെ കൊലപാതകത്തിലെ കൂട്ടുപ്രതി കൂടിയാണ് കൊല്ലപ്പെട്ട സഞ്ജീവ് മഹേശ്വരി. ഈ കേസില്‍ പിന്നീട് 2003 ലാണ് സിബിഐ കോടതി സഞ്ജീവ് മഹേശ്വരിയെയും മുൻ എംഎൽഎ വിജയ് സിങിനെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. അതേസമയം 30 വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് നേതാവ് അവധേഷ് റായിയെ കൊലപ്പെടുത്തിയ കേസിൽ മാഫിയ നേതാവ് മുഖ്താർ അൻസാരിയെ ഈ ആഴ്ച ആദ്യം വാരണാസിയിലെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.