ലഖ്‌നൗ :മുന്‍ എംപിയും മാഫിയ തലവനുമായ അതിഖ് അഹമ്മദിന്‍റെയും സഹോദരന്‍ അഷറഫിന്‍റെയും കൊലപാതകത്തെ തുടര്‍ന്ന് സുരക്ഷ ചുമതലയിലുണ്ടായിരുന്ന 17 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌ത് ഉത്തര്‍പ്രദേശ് പൊലീസ്. ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്ത ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ശനിയാഴ്‌ച രാത്രി 10 മണിയോടെ വൈദ്യപരിശോധനയ്‌ക്കായി എത്തിച്ചപ്പോള്‍ അതിഖും സഹോദരനും മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് മൂന്നംഗ സംഘം നിറയൊഴിച്ചത്.
സംഭവത്തില്‍ പരിക്കേറ്റ് പൊലീസുദ്യോഗസ്ഥനും :ശനിയാഴ്‌ച രാത്രി 10 മണിയോടെ മൂന്ന് ഗണ്‍മാന്‍മാരുടെ അകമ്പടിയോടെയാണ് ഇരുവരും മാധ്യമങ്ങള്‍ക്കിടയിലേക്ക് എത്തിയത്. ഝാന്‍സിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ അതിഖിന്‍റെ മകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള അന്ത്യകര്‍മ്മങ്ങള്‍ മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നുഴഞ്ഞുകയറിയാണ് അക്രമികള്‍ അതിഖിനെയും സഹോദരനെയും വെടിവച്ചതെന്ന് പൊലീസ് അറിയിച്ചിരുന്നു. സംഭവത്തിൽ ഒരു പൊലീസുകാരന്‍റെ കൈക്ക് വെടിയേറ്റിട്ടുണ്ട്.
മാത്രമല്ല വെടിവയ്പ്പിനെ തുടർന്നുണ്ടായ ബഹളത്തിനിടെ വീണ് ഒരു മാധ്യമപ്രവർത്തകനും പരിക്കേറ്റതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം കൊലപാതകം അന്വേഷിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.
നിരോധനാജ്ഞയും ഇന്‍റര്‍നറ്റ് വിച്ഛേദനവും:കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി) 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല സുരക്ഷാനടപടികളുടെ ഭാഗമായി പ്രയാഗ്‌രാജ് ജില്ലയിൽ ഇന്‍റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചിരിക്കുകയാണ്.