ചെന്നൈ:ബുദ്ധനെ ആരാധിക്കുന്ന സേലത്തെ ക്ഷേത്രത്തിന്‍റെ നിയന്ത്രണമേറ്റെടുക്കാന്‍ തമിഴ്‌നാട് പുരാവസ്‌തു വകുപ്പിനോട് മദ്രാസ് ഹൈക്കോടതി. ബുദ്ധന്‍റെ രൂപം തലൈവെട്ടി മുനിയപ്പനായി ആരാധിക്കുന്ന ക്ഷേത്രത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനാണ് തമിഴ്‌നാട് പുരാവസ്‌തു വകുപ്പിനോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ബുദ്ധ സംഘടനയില്‍ അംഗമായ രംഗനാഥന്‍ എന്നയാള്‍ 2011ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
സേലം ജില്ലയിലെ പെരിയേരി ഗ്രാമത്തില്‍ ചാരിറ്റി വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തില്‍ തലൈവെട്ടി മുനിയപ്പനെ ആരാധിക്കുന്നുണ്ടെന്നും, ഇത് ബുദ്ധന്‍റെ രൂപമാണെന്നും കാണിച്ചായിരുന്നു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ബിംബം മാത്രമല്ല, ക്ഷേത്രം നിലനില്‍ക്കുന്ന 26 സെന്‍റ് ഭൂമിയും ബുദ്ധ സംഘടനയ്‌ക്ക് അവകാശപ്പെട്ടതാണെന്നും ഹര്‍ജിയിലുണ്ട്. സ്ഥലം ബുദ്ധ സംഘടനയ്‌ക്ക് തിരിച്ചേല്‍പ്പിക്കണമെന്ന് സൂചിപ്പിച്ച് പുരാവസ്‌തു വകുപ്പിനോടും, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രത്യേക വകുപ്പിനോടും ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ നടപടിയുണ്ടായില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
Also Read: രാജ്യത്തെ ഏറ്റവും വലിയ ബുദ്ധ പ്രതിമ അടൽ ടണലിനോട് ചേർന്ന് സ്ഥാപിക്കും
പരാതിയില്‍ വാദം കേട്ട ഹൈക്കോടതി, രൂപം തലൈവെട്ടി മുനിയപ്പന്‍റേതാണോ, ബുദ്ധന്‍റേതാണോ എന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുരാവസ്‌തു വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രൂപം ബുദ്ധന്‍റേത് തന്നെയാണെന്ന് വകുപ്പ് കോടതിയെ അറിയിച്ചു. അതേസമയം, രൂപം തലൈവെട്ടി മുനിയപ്പനായി തന്നെ ആരാധിക്കാന്‍ ഭക്തര്‍ക്ക് അവസരമൊരുക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യമുന്നയിച്ചു.
രൂപം ബുദ്ധന്‍റേതാണെന്ന് പുരാവസ്‌തു വകുപ്പ് വ്യക്തമാക്കിയതിനാല്‍, ബിംബം തലൈവെട്ടി മുനിയപ്പനായി കാണാന്‍ ചാരിറ്റി വകുപ്പിന് അനുവദിക്കാനാവില്ലെന്ന് കേസില്‍ വാദം കേട്ട ജഡ്‌ജി ആനന്ദ് വെങ്കടേഷ് ഉത്തരവിട്ടു. ബുദ്ധന്‍റെ രൂപമുള്ള സ്ഥലത്തിന്‍റെ നിയന്ത്രണം പുരാവസ്‌തു വകുപ്പ് ഏറ്റെടുക്കണമെന്നും, രൂപം ബുദ്ധന്‍റേതാണെന്ന് കാണിക്കുന്ന നോട്ടിസ് ബോര്‍ഡ് സ്ഥാപിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു. എന്നാല്‍, പൊതുജനങ്ങള്‍ക്ക് സ്ഥലം സന്ദര്‍ശിക്കാം. എന്നാല്‍ ബുദ്ധന്‍റെ രൂപത്തില്‍ പൂജകള്‍ അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്.
Also Read: അബദ്ധത്തില്‍ പ്രസാദത്തിനൊപ്പം 2.9 ലക്ഷമടങ്ങിയ ബാഗ് നല്‍കി; ജീവനക്കാരനെതിരെ ക്ഷേത്ര ബോര്‍ഡ്
“ആത്തൂർ സർക്കിളിൽ വലിയ രണ്ട് ബുദ്ധ പ്രതിമകളുണ്ട്. എ.ഡി 16-ാം നൂറ്റാണ്ടില്‍ ബുദ്ധമതസ്ഥരും, ജൈനമതസ്ഥരും തമ്മിലുള്ള മതപരമായ സംഘര്‍ഷങ്ങളുണ്ടായി. ഇതില്‍ അവര്‍ ആരാധിച്ചിരുന്ന ബിംബങ്ങളുടെ തലകള്‍ തകര്‍ത്തെറിയപ്പെട്ടു. അങ്ങനെയാണ് സേലം കോട്ടയിലെ ബുദ്ധ പ്രതിമയുടെയും തല തകർത്തത്" എന്ന് സേലം ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ജെ.ബർണബാസ് പറഞ്ഞു. ഈ പ്രതിമയുടെ തല വീണ്ടും ഘടിപ്പിച്ചുവെന്നും, അങ്ങനെയാണ് രൂപം തലൈവെട്ടി മുനിയപ്പനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ക്ഷേത്രം വീണ്ടെടുത്ത് ബുദ്ധക്ഷേത്രമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് സേലം ജില്ല പുരാവസ്‌തു വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.