കേരളം

kerala

ETV Bharat / bharat

'എഐഎഡിഎംകെ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് നടത്താം'; ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ഒ പനീര്‍സെല്‍വത്തെ പുറത്താക്കിയ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ നടപടിക്കെതിരായ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കരുതെന്നാണ് കോടതി ഉത്തരവ്

Madras High Court allows AIADMK GS polls  AIADMK GS polls  Madras High Court news  എഐഎഡിഎംകെ ആഭ്യന്തര പ്രശ്‌നം  എഐഎഡിഎംകെ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ്
മദ്രാസ് ഹൈക്കോടതി

By

Published : Mar 19, 2023, 8:04 PM IST

ചെന്നൈ: എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 26ന് നടത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഇന്നാണ് ഇതുസംബന്ധിച്ച ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. എന്നാൽ, കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഫലം ഉടന്‍ പ്രഖ്യാപിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

മാർച്ച് 26 ന് നടക്കാനിരിക്കുന്ന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെതിരെ പനീർശെൽവത്തിന്‍റെ (ഒപിഎസ്) അനുയായികൾ നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. 2022 ജൂലൈ 11ലെ പാർട്ടിയുടെ ജനറൽ കൗൺസിൽ യോഗത്തില്‍ ഒ പനീർസെൽവത്തെ പാര്‍ട്ടി ചുമതലയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജി മാർച്ച് 22ന് കോടതി പരിഗണിക്കും. ജനറൽ കൗൺസിൽ തീരുമാനങ്ങൾക്കെതിരായ തങ്ങളുടെ ഹർജി ബുധനാഴ്‌ച (മാര്‍ച്ച് 22) കോടതി പരിഗണിക്കുമെന്ന് പനീർസെൽവം ക്യാമ്പിലെ അംഗം കൂടിയായ പോൾ മനോജ് പാണ്ഡ്യൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നാമനിർദേശ പത്രിക നല്‍കിയത് പളനിസ്വാമി മാത്രം:എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ പ്രഖ്യാപിച്ച ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനെതിരെ ഒപിഎസ് ക്യാമ്പ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതുവരെ, പളനിസ്വാമി മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അവസാനിച്ചു. പാർട്ടിയെ നയിക്കാന്‍ ഇടക്കാല ജനറൽ സെക്രട്ടറി പളനിസ്വാമിക്ക് സുപ്രീംകോടതി കഴിഞ്ഞ മാസം അനുവാദം നല്‍കിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

2022 ജൂലൈ 11നാണ് പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി പാര്‍ട്ടി തെരഞ്ഞെടുത്തത്. പിന്നാലെ പനീർസെൽവം പക്ഷം കോടതിയെ സമീപിച്ചിരുന്നു. ഇതോടെ പളനിസ്വാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി ജൂലൈ 11ന് തെരഞ്ഞെടുക്കുന്നതിന് മുന്‍പുള്ള തല്‍സ്ഥിതി തുടരണമെന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. എന്നാൽ, ഇത് റദ്ദാക്കിയ ഡിവിഷന്‍ ബഞ്ച് പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തുടരാൻ അനുവദിച്ചു. പിന്നാലെയാണ് പനീർസെൽവം പക്ഷം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, അവിടെയും പനീർസെൽവത്തിന് തിരിച്ചടിയായിരുന്നു. ഇത് അന്തിമ വിജയമല്ലെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പനീർസെൽവം ക്യാമ്പ് പ്രഖ്യാപിക്കുകയുണ്ടായി.

'ആഭ്യന്തര കലാപം' ജയലളിതയുടെ മരണശേഷം:എഐഎഡിഎംകെയിലെ അധികാര തർക്കത്തിൽ ഇടക്കാല ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്ത തീരുമാനം സുപ്രീം കോടതി ശരിവച്ചതും പനീര്‍സെല്‍വത്തിന് വന്‍ തിരിച്ചടിയായിരുന്നു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ പനീർസെൽവം നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. പാർട്ടി ബൈലോയിൽ ഭേദഗതി വരുത്തിയാണ് എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയത്.

ജയലളിതയുടെ മരണ ശേഷം ജനറൽ സെക്രട്ടറി സ്ഥാനം ഒഴിവാക്കി കോ ഓർഡിനേറ്റർ, ഡെപ്യൂട്ടി കോ ഓർഡിനേറ്റർ എന്നീ പദവികൾ നിലനിർത്തിക്കൊണ്ട് പാർട്ടി ബൈലോ ഭേദഗതി വരുത്തി. എന്നാൽ, പിന്നീട് ഒ പനീർസെൽവം വഹിച്ചിരുന്ന പാർട്ടി കോ ഓർഡിനേറ്റർ സ്ഥാനം ഭേദഗതിയിലൂടെ ഇല്ലാതാക്കി. പകരം ജനറൽ സെക്രട്ടറി സ്ഥാനം തിരികെക്കൊണ്ട് വന്ന് പളനിസ്വാമി ഇടക്കാല ജനറൽ സെക്രട്ടറിയായി മാറുകയുമായിരുന്നു.

ABOUT THE AUTHOR

...view details