രത്‌ലാം/മന്ദ്സൗര്‍ : അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പ് മിടിച്ച് തുടങ്ങുമ്പോള്‍ തന്നെ, ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ഇന്നയാള്‍ക്ക് വിവാഹം കഴിച്ച് നല്‍കണമെന്ന് മുതിര്‍ന്നവര്‍ തീരുമാനിച്ചിരുന്ന ഒരു കാലഘട്ടത്തെ കുറിച്ച് നാം കേട്ടിട്ടുണ്ട്. പഴയ തലമുറയുടെ അപക്വമായ രീതി എന്ന് പലരും വിശേഷിപ്പിച്ച്, അവഗണിച്ച സമ്പ്രദായമാണിത്. വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് അത്രമേല്‍ അവബോധമുള്ള ഇന്നത്തെ തലമുറയ്ക്ക് ആലോചിക്കാന്‍ പോലും സധിക്കാത്ത ഈ രീതി ഇന്നും തുടരുന്ന സമൂഹം നമ്മുടെ രാജ്യത്തുണ്ട്.
മധ്യപ്രദേശിലെ രത്‌ലാം, മന്ദ്സൗര്‍ മേഖലയിലുള്ള ബാംച്‌ഡ വിഭാഗത്തെ നാം അടുത്തറിയണം. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളൊന്നും രത്‌ലാം, മന്ദ്സൗര്‍ മേഖലകളുടെ ആകാശത്തിന് കീഴില്‍ ഇല്ല എന്ന് അപ്പോള്‍ വ്യക്തമാകും. സ്വന്തമായി നിയമങ്ങളും സമ്പ്രദായങ്ങളും ഉള്ള ഒരു ജനത. ലൈംഗിക തൊഴില്‍ ചെയ്യുന്നവരാണ് ബാംച്‌ഡ വിഭാഗക്കാര്‍. സ്‌ത്രീ ശരീരത്തെ ഒരു ലൈംഗിക ഉപകരണമായി മാത്രം കാണുന്ന കാമവെറി ചുവപ്പിച്ച കണ്ണുകളില്‍ നിന്ന് തങ്ങളുടെ പെണ്‍മക്കളെ രക്ഷിക്കാനുള്ള ഉപാധിയായാണ് രത്‌ലാം, മന്ദ്സൗറിലെ അമ്മമാര്‍ ഇത്തരമൊരു സമ്പ്രദായം തുടര്‍ന്ന് പോരുന്നതെന്നാണ് ഇടിവി ഭാരത് ഇവരുമായി നടത്തിയ അഭിമുഖങ്ങളില്‍ നിന്ന് വ്യക്തമായത്.
മധ്യപ്രദേശിന്‍റെ മറ്റ് ഗ്രാമങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്‌തമാണ് ബാംച്‌ഡ വിഭാഗം താമസിക്കുന്ന മേഖലകള്‍. രത്‌ലാം, മന്ദ്സൗര്‍ ഹൈവേയുടെ ഓരത്തായാണ് പ്രധാനമായും ബാംച്‌ഡ വിഭാഗത്തിന്‍റെ വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഹൈവേയില്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ക്ക് മുന്നിലേക്ക് പ്രാരാബ്‌ധങ്ങളുടെ ഭാണ്ഡം പേറി ഓടിയെത്തുന്ന നിരവധി സ്‌ത്രീകളെ കാണാനാകും. വില പേശി പറഞ്ഞുറപ്പിക്കുമ്പോള്‍ നീളുന്ന നോട്ടമുനകളില്‍ നിന്ന് തങ്ങളുടെ പെണ്‍മക്കളെ മറയ്‌ക്കാന്‍ ഈ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിച്ച് പോരുന്നു. വാഹനങ്ങള്‍ റോഡിലെത്തുമ്പോള്‍ അവിടെ നിന്ന് ഓടിമറയാന്‍ ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നുവേണം കരുതാന്‍. എന്നാല്‍ ജീവിതം വഴിമുട്ടുമ്പോള്‍ ലൈംഗിക തൊഴിലിലേക്ക് ഇറങ്ങുന്ന ചില പെണ്‍കുട്ടികളും ഇവര്‍ക്കിടയില്‍ ഉണ്ട്.
ഞങ്ങള്‍ ഇവിടുത്തെ അമ്മമാരുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ മാന്‍വി (പേര് യഥാര്‍ഥമല്ല) ഒരു പാവയെടുത്ത് കളിക്കാനായി പോയി. അവള്‍ക്കൊപ്പം വേറെയും കുട്ടികള്‍ ഉണ്ടായിരുന്നു. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ തങ്ങളുടെ വിഭാഗത്തില്‍ പെട്ട ആണ്‍കുട്ടികളുമായി വിവാഹം നിശ്ചയിക്കപ്പെട്ടവരാണ് ഇവരില്‍ പലരും. വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് കുട്ടികള്‍ക്കിടാനുള്ള പേരുപോലും കണ്ടെത്തുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ കേട്ടു വളര്‍ന്നതിനാലാകണം, തങ്ങളുടെ വിവാഹം ഇന്നയാളുമായി ഉറപ്പിച്ചതാണെന്നും പതിനേഴ് വയസാകുമ്പോള്‍ വിവാഹം ചെയ്‌ത് നല്‍കുമെന്നും ഈ കുട്ടികള്‍ക്ക് അറിയാം. അതിനപ്പുറം വിവാഹത്തെ കുറിച്ച് ഇവര്‍ക്ക് മറ്റൊന്നും അറിയില്ല എന്നതാണ് വാസ്‌തവം. വിവാഹം എന്ന വാക്കിന്‍റെ അര്‍ഥം പോലും ഒരുപക്ഷേ ഈ കുട്ടികള്‍ക്ക് അറിയണമെന്നില്ല.
രത്‌ലാമിന്‍റെ അതിര്‍ത്തിയിലായി സ്ഥിതിചെയ്യുന്ന മാനങ്കേഡ എന്ന ഗ്രാമത്തില്‍ ഏകദേശം 1800 വീടുകളുണ്ട്. ഇതില്‍ ഹൈവേയോട് ചേര്‍ന്നുള്ള എല്ലാ വീടുകളും ബാംച്‌ഡ വിഭാഗത്തിന്‍റേതാണ്. ഇവിടെ കണ്ട സരോജിനോട് (പേര് യഥാര്‍ഥമല്ല), ഇത്തരത്തില്‍ ഉദരത്തില്‍ വച്ചുതന്നെ കുട്ടിയുടെ വിവാഹം തീരുമാനിക്കപ്പെടുമ്പോള്‍, അത് കഴിക്കണോ വേണ്ടയോ എന്നുള്ള അവരുടെ സ്വാതന്ത്ര്യം എവിടെയാണെന്ന് ഞങ്ങള്‍ ചോദിച്ചു. വളരുമ്പോള്‍ അവര്‍ക്ക് ഈ ബന്ധത്തില്‍ താത്‌പര്യം ഇല്ലെങ്കില്‍ അപ്പോള്‍ നോക്കാം എന്നായിരുന്നു സരോജിന്‍റെ മറുപടി. ശേഷം ഞങ്ങള്‍ക്ക് മുന്നിലായി കളിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചൂണ്ടിക്കാണിച്ച് ഇതില്‍ ആരുടെ വിവാഹം ആരുമായി ഉറപ്പിച്ചു എന്ന് സരോജ് പറഞ്ഞു.