ഭോപ്പാൽ:ഭരണഘടനയെ രക്ഷിക്കാൻ മോദിയെ കൊല്ലണമെന്ന മുൻ എംപിയും കോൺഗ്രസ് നേതാവുമായ രാജ പടേരിയയുടെ ആഹ്വാനം വിവാദത്തില്‍. പന്ന ജില്ലയിലെ പവായ് നഗരത്തില്‍ ഇന്ന് നടന്ന കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിലാണ് പടേരിയയുടെ ആഹ്വാനം. വിവാദമായതോടെ കോണ്‍ഗ്രസ് നേതാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മധ്യപ്രദേശ് സർക്കാർ ഉത്തരവിറക്കി.
'മോദിയെ കൊല്ലണം'; കോണ്‍ഗ്രസ് നേതാവിന്‍റെ ആഹ്വാനം വിവാദത്തില്‍, കേസെടുക്കാന്‍ സര്‍ക്കാര്‍ - കോൺഗ്രസ്
ഭരണഘടനയെ രക്ഷിക്കാൻ മോദിയെ കൊല്ലണമെന്ന, മധ്യപ്രദേശ് മുൻ എംപിയും കോൺഗ്രസ് നേതാവുമായ രാജ പടേരിയയുടെ ആഹ്വാനമാണ് വിവാദമായത്

'പ്രധാനമന്ത്രി മോദി, ജനങ്ങളെ ജാതിയുടെയും മതത്തിന്‍റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുകയാണ്. ദലിതുകളുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവൻ അപകടത്തിലാണ്. ഭരണഘടന പോലും അപകടത്തിലായ സാഹചര്യത്തില്‍ രക്ഷപ്പെടണമെങ്കിൽ മോദിയെ കൊല്ലാൻ തയ്യാറാകൂ' - ഇങ്ങനെയായിരുന്നു രാജ പടേരിയയുടെ പ്രസംഗം.
കോൺഗ്രസ് നേതാവിന്‍റെ വിവാദ പ്രസ്‌താവനയുടെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. അതേസമയം, വിവാദത്തിന് മറുപടിയുമായി പടേരിയ രംഗത്തുവന്നു. കൊല്ലുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തോൽപ്പിക്കലാണെന്നും വാക്കുകള്‍ വളച്ചൊടിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.