ദതിയ (മധ്യപ്രദേശ്): ഭക്ഷണം വാങ്ങാന്‍ പണം ചോദിച്ചതിന് ആറുവയസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍. മധ്യപ്രദേശിലെ ദതിയയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ ഗ്വാളിയോറിലെ പൊലീസ് ട്രെയിനിങ് സെന്‍ററിലെ കോണ്‍സ്റ്റബിള്‍ രവി ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
'ദതിയയില്‍ വച്ച് നടന്ന രഥയാത്രക്കിടെ കുട്ടി രവിയോട് ഭക്ഷണം വാങ്ങാൻ കുറച്ച് പണം ചോദിച്ചു. എന്നാല്‍ പണം നല്‍കാന്‍ വിസമ്മതിച്ച രവി കുട്ടിയെ ഓടിച്ചുവിട്ടു. എന്നാൽ കുട്ടി വീണ്ടും വന്ന് പണം ചോദിക്കുകയും ഇതില്‍ രോഷാകുലനായ രവി കുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു ' - ദതിയ പൊലീസ് സൂപ്രണ്ട് അമൻ സിങ് റാത്തോഡ് പറഞ്ഞു.
നിര്‍ണായകമായത് സിസിടിവി ദൃശ്യം : കൊലപാതകത്തിന് ശേഷം മൃതദേഹം കാറിന്‍റെ ഡിക്കിയില്‍ ഒളിപ്പിച്ച് രവി ഗ്വാളിയോറിലേക്ക് തിരികെ പോയി. ഇതിന് ശേഷം മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. അതേസമയം പഞ്ച്ശീല്‍ നഗര്‍ സ്വദേശി സഞ്ജീവ് സെന്‍ എന്നയാള്‍ മകനെ രഥ യാത്രയ്ക്ക് ശേഷം കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു.