കേരളം

kerala

ETV Bharat / bharat

നിയമസഭ തെരഞ്ഞെടുപ്പ് : മധ്യപ്രദേശും ഛത്തീസ്‌ഗഡും പോളിങ് ബൂത്തിലേക്ക്; ജനവിധി കാത്ത് ബിജെപിയും കോണ്‍ഗ്രസും - Chhattisgarh Second Phase Election

Assembly Election 2023 : മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും വോട്ടെടുപ്പ് ഇന്ന്. മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളിലും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്‌ഗഡില്‍ 70 മണ്ഡലങ്ങളിലുമാണ് പോളിങ് നടക്കുക.

mp and Chhattisgarh assembly elections  Madhya Pradesh  Assembly Election Madhya Pradesh  Chhattisgarh Second Phase Election  MP Assembly Election Tomorrow  നിയമസഭ തെരഞ്ഞെടുപ്പ്  ബിജെപിയും കോണ്‍ഗ്രസും
Chhattisgarh Second Phase And MP Assembly Election Tomorrow

By ETV Bharat Kerala Team

Published : Nov 16, 2023, 11:00 PM IST

Updated : Nov 17, 2023, 6:35 AM IST

ഹൈദരാബാദ്:മധ്യപ്രദേശും ഛത്തീസ്‌ഗഡും പോളിങ് ബൂത്തിലേക്ക്. മധ്യപ്രദേശില്‍ 230 നിയോജക മണ്ഡലങ്ങളിലും ഛത്തീസ്‌ഗഡില്‍ 70 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് (നവംബര്‍ 17) വോട്ടെടുപ്പ് നടക്കുക (Chhattisgarh Second Phase And MP Assembly Election Tomorrow). ഛത്തീസ്‌ഗഡില്‍ ആദ്യഘട്ടത്തില്‍ 20 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നേരത്തെ പൂര്‍ത്തിയായിരുന്നു. അതേസമയം മധ്യപ്രദേശില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.

രണ്ടിടങ്ങളിലും തെരഞ്ഞെടുപ്പിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. മധ്യപ്രദേശിലെ എല്ലാ ജില്ലകളിലും വോട്ടിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പോളിങ് ഉദ്യോഗസ്ഥരെ അവരവരുടെ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഛത്തീസ്‌ഗഡിലും വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.

ഛത്തീസ്‌ഗഡിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം മധ്യപ്രദേശിലെ പോളിങ് ബൂത്തുകളില്‍ രാവിലെ 7 മണിയോടെ വോട്ടെടുപ്പ് ആരംഭിക്കും. ഛത്തീസ്‌ഗഡില്‍ 130 സ്‌ത്രീകള്‍ അടക്കം 958 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ട മത്സരത്തില്‍ മാറ്റുരയ്‌ക്കുന്നത്. സംസ്ഥാനത്തെ 63,14,479 വോട്ടര്‍മാരാണ് നാളെ പോളിങ് ബൂത്തുകളിലെത്തുക.

മധ്യപ്രദേശില്‍ 252 വനിതകള്‍ അടക്കം 2533 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്തെ 230 മണ്ഡലങ്ങളിലായി 5.6 കോടി വോട്ടർമാരാണുള്ളത്. നീതിയുക്തമായ തെരഞ്ഞെടുപ്പിന് എല്ലാ പോളിങ് കേന്ദ്രങ്ങളിലും മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ റീന ബാബാസാഹേബ് കങ്കാലെ അറിയിച്ചു.

ബിജെപി-കോണ്‍ഗ്രസ് പോരാട്ടം:നിയമസഭ തെരഞ്ഞെടുപ്പുകളില്‍ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ബിജെപിയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത്‌ഷായും നേരിട്ടെത്തിയാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടിയ്‌ക്കായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അണിനിരന്ന പ്രചാരണത്തിനാണ് ഇത്തവണ മധ്യപ്രദേശ് സാക്ഷ്യം വഹിച്ചത്.

ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസിന്‍റെ കടുത്ത പോരാട്ടത്തിന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്ര ചുക്കാന്‍ പിടിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതാക്കള്‍. ഭാരത് ജോഡോ യാത്ര കടന്നുപോയ സംസ്ഥാനത്തെ 21 ഇടങ്ങളിലെ സീറ്റുകളിലും വിജയം കൊയ്യുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

പിടിവിട്ടുപോയ മധ്യപ്രദേശില്‍ ഇത്തവണ ഭരണത്തിലേറണമെന്നാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. അതേസമയം മധ്യപ്രദേശില്‍ ഭരണം തുടരാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. വോട്ടര്‍മാരെ നേരില്‍ കാണാനും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനും മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാനും വീടുകള്‍ തോറും കയറിയിറങ്ങി.

Also Read:ഛത്തീസ്‌ഗഡ് നിയമസഭ തെരഞ്ഞെടുപ്പ് : 10 മണ്ഡലങ്ങളിലെ പോളിങ് പൂര്‍ത്തിയായി, പ്രതീക്ഷയില്‍ മുന്നണികള്‍

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ പ്രഖ്യാപനങ്ങളും, അയോധ്യ രാമക്ഷേത്രവുമെല്ലാം ബിജെപി മധ്യപ്രദേശില്‍ പ്രചാരണ തന്ത്രമായി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ഛത്തീസ്‌ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗലിന്‍റെ അഴിമതി ആരോപണങ്ങളുടെ കെട്ടഴിക്കുകയാണുണ്ടായത്. എന്നാല്‍ രണ്ടിടങ്ങളിലും കോണ്‍ഗ്രസ് ബിജെപിക്കെതിരെ പ്രയോഗിച്ചത് ഒബിസി രാഷ്‌ട്രീയവും കര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങളുമാണ്. കര്‍ഷകര്‍ക്കുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി സമൂഹത്തിലെ എല്ലാവരിലേക്കും ഇറങ്ങി ചെന്നാണ് കോണ്‍ഗ്രസ് ഇത്തവണ പ്രചാരണം നടത്തിയത്. ഡിസംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

Last Updated : Nov 17, 2023, 6:35 AM IST

ABOUT THE AUTHOR

...view details