മധുബനി (ബിഹാര്‍): ബിഹാറിലെ മധുബനി ജില്ല മജിസ്ട്രേറ്റും ഐഎഎസ് ഉദ്യോഗസ്ഥനുമായ വിജയ് പ്രകാശ് മീണയുടെ (Madhepura DM Vijay Prakash Meena) ഔദ്യോഗിക വാഹനം ഇടിച്ച് മൂന്ന് മരണം (DM Vehicle Crushed Many People In Madhubani ). പട്‌നയില്‍ നിന്നും മധേപുരയിലേക്ക് പോയ വാഹനം അമിത വേഗതയില്‍ നിയന്ത്രണം വിട്ടാണ് അപകടം. ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു.
മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. എൻഎച്ച് 57ലെ ലോഹിയ ചൗക്കില്‍ ഫുല്‍പര പൊലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത് (Madhepura DM Vijay Prakash Meena Car Accident). അപകടത്തെ തുടർന്ന് ജനങ്ങൾ ദേശീയ പാത ഉപരോധിച്ചു. എന്നാല്‍ അപകട സമയത്ത് വിജയ് പ്രകാശ് മീണ വാഹനത്തില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. അപകടത്തില്‍ വാഹനം പൂർണമായും തകർന്നിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജുൻജുനു യോഗത്തിന് സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് 6 പേര്‍ മരിച്ചു. ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ഖിൻവ്‌സർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് അപകടത്തില്‍ മരിച്ചത്.
രാജസ്ഥാനിലെ ചുരുവിലെ സുജൻഗഡ് സദർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. ഏഴ് പൊലീസ് ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ഒരാള്‍ നാഗൗറിലെ ജെ എൽ എൻ ആശുപത്രിയിൽ ചികിത്സയിലാണ്.