കേരളം

kerala

ETV Bharat / bharat

അത്യാഢംബരത്തിന്‍റെ അവസാന വാക്കും കാഴ്‌ചയും, ഇന്ത്യൻ റെയില്‍വേയുടെ അഭിമാനമായ 'പാലസ്‌ ഓണ്‍ വീല്‍സ്' വിശേഷങ്ങൾ - ഇന്ത്യയിലെ ടൂറിസ്റ്റ് ട്രെയിൻ

രാജസ്ഥാനിലെ ചരിത്ര നഗരങ്ങളെ പരിചയപ്പെടുത്തി കടന്നുപോകുന്ന അത്യാഢംബര ട്രെയിനായ പാലസ്‌ ഓണ്‍ വീല്‍സിന്‍റെ വിശേഷങ്ങളിലേക്ക്

Luxury Train  Palace on wheels  Journey through the Historical land  All about Palace on wheels  ചരിത്രത്തിലൂടെ ഓടുന്ന  പാലസ് ഓണ്‍ വീല്‍സ്  രാജസ്ഥാനിലെ ചരിത്ര നഗരങ്ങളെ  ജയ്‌പൂര്‍  രാജസ്ഥാന്‍  അത്യാഢംബര ട്രെയിനായ  യാത്ര  ഇന്ത്യയുടെ ചരിത്രത്തെ  കൊവിഡ്  ടിക്കറ്റ്  താരിഫ്  ബുക്കിംഗ്
അത്യാഢംബരത്തിന്‍റെ അവസാന വാക്കും കാഴ്‌ചയും, ഇന്ത്യൻ റെയില്‍വേയുടെ അഭിമാനമായ 'പാലസ്‌ ഓണ്‍ വീല്‍സ്' വിശേഷങ്ങൾ

By

Published : Oct 14, 2022, 10:26 PM IST

Updated : Oct 14, 2022, 10:36 PM IST

ജയ്‌പൂര്‍ (രാജസ്ഥാന്‍): ദിവസങ്ങള്‍ നീളുന്ന യാത്രകള്‍ സ്വപ്‌നം കാണുന്നവരായിരിക്കും നമ്മളില്‍ ഭൂരിഭാഗവും. അങ്ങനെയെങ്കില്‍ സങ്കല്‍പ്പത്തിലെ യൂറോപ്പിലും ലാറ്റിനമേരിക്കയിലുമെല്ലാം സ്വപ്‌നാടനം നടത്തിവരാറുള്ള നമ്മളെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യ ഒരിക്കലും മടുപ്പിക്കില്ല. അത്തരത്തില്‍ ഇന്ത്യയുടെ പൈതൃകത്തിലൂടെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'പാലസ് ഓണ്‍ വീല്‍സ് യാത്ര' ഒരു മികച്ച അനുഭവം തന്നെയായിരിക്കും.

അത്യാഢംബരത്തിന്‍റെ അവസാന വാക്കും കാഴ്‌ചയും, ഇന്ത്യൻ റെയില്‍വേയുടെ അഭിമാനമായ 'പാലസ്‌ ഓണ്‍ വീല്‍സ്' വിശേഷങ്ങൾ

യാത്ര മനോഹരവും അത്യാഢംബരവുമായ സഞ്ചരിക്കുന്ന കൊട്ടാരത്തില്‍ കൂടിയാകുമ്പോള്‍ അതിന് അല്‍പം രാജകീയതയും കൈവരും. ഇന്ത്യയുടെ ചരിത്രത്തെ വലംവെക്കുന്ന പാലസ് ഓണ്‍ വീല്‍സ് യാത്രയുടെ വിശേഷങ്ങളിലേക്ക്.

എന്താണ് പാലസ് ഓണ്‍ വീല്‍സ്: പാലസ് ഓണ്‍ വീല്‍സ് ഒരു അത്യാഢംബര ട്രെയിനാണ്. രാജസ്ഥാന്‍റെ ഹൃദയഭൂമിയിലൂടെ രജപുത്ര കാലഘട്ടത്തിലൂടെ കൈപിടിച്ച് നടത്തിക്കൊണ്ട് രാജകീയ യാത്ര സമ്മാനിക്കുന്ന 'സഞ്ചരിക്കുന്ന ഒരു കൊട്ടാരം'. ഡൽഹിക്കും ആഗ്രയ്ക്കും പുറമെ രാജസ്ഥാൻ, ജയ്പൂർ, ജോധ്പൂർ, ഉദയ്പൂർ, ചിത്തോർഗഡ്, ജയ്‌സാൽമീർ, ഭരത്പൂർ എന്നീ നഗരങ്ങളിലൂടെ കടന്നുപോകുന്ന ഇവക്ക് 1982 മുതലാണ് ഇന്ത്യയില്‍ വിനോദ സഞ്ചാരാര്‍ഥമുള്ള പച്ചക്കൊടി ലഭിക്കുന്നത്.

ചരിത്രത്തിലെ 'പാലസ് ഓണ്‍ വീല്‍സ്': ഇന്ത്യയില്‍ റെയില്‍വേയും ഇലക്‌ട്രിസിറ്റിയുമെല്ലാമെത്തുന്നത് ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ്. രാജാവിനും സംഘത്തിനുമെല്ലാം രാജ്യത്തിന്‍റെ മുക്കിലും മൂലയിലേക്കും സുഗമമായി സഞ്ചരിക്കാന്‍ റെയില്‍പാതകളും ഇതോടെയെത്തി. ഇതില്‍ തന്നെ രാജസ്ഥാന്‍റെ തന്ത്രപ്രധാന പട്ടണങ്ങളെ മാത്രം ബന്ധിപ്പിച്ചു സഞ്ചരിക്കാനുള്ള ഉപാധിയായാണ് പാലസ് ഓണ്‍ വീല്‍സെത്തുന്നത്. സ്വതന്ത്ര്യാനന്തരവും ചരിത്ര പൈതൃകത്തിന്‍റെ അടയാളമായി പാലസ് ഓണ്‍ വീല്‍സ് തുടര്‍ന്നു.

1980 കള്‍ വരെ ഇന്ത്യന്‍ റെയില്‍വേയും രാജസ്ഥാന്‍ ടൂറിസം വകുപ്പും കൈകോര്‍ത്ത് കൊണ്ടായിരുന്നു ട്രെയിനുകള്‍ നിര്‍മിച്ചിരുന്നത്. മാത്രമല്ല ലോകത്ത് തന്നെ ഈ മാതൃകയില്‍ പത്ത് ട്രെയിനുകള്‍ മാത്രമാണുള്ളത്. ഇതില്‍ ഒമ്പതെണ്ണവും നിലവില്‍ പ്രവര്‍ത്തനരഹിതവുമാണ്. അതുകൊണ്ടുതന്നെ പാലസ്‌ ഓണ്‍ വീല്‍സ് ഒരു ട്രെയിന്‍ മാത്രമല്ല സഞ്ചരിക്കുന്ന ചരിത്രം കൂടിയാണ്.

'അന്തപുരത്തില്‍' എന്തെല്ലാം?: പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്‌ത പതിനാല് ഡീലക്‌സ് സലൂണുകളാണ് പാലസ്‌ ഓണ്‍ വീല്‍സിലുള്ളത്. ഇതില്‍ ഓരോന്നിലും രണ്ട് കിടക്കകളോടു കൂടിയ നാല്‌ ചേമ്പറുകളുമുണ്ട്. ഈ ചേമ്പറുകളില്‍ സംഗീതം, ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യം, വൈഫൈ സൗകര്യം, കിടപ്പുമുറിയോട് ചേര്‍ന്നുള്ള ശൗചാലയങ്ങള്‍, ഇഷ്‌ടപ്രകാരം ക്രമീകരിക്കാവുന്ന ചൂടും തണുപ്പും ലഭ്യമാകുന്ന ഷവറുകള്‍, ഭംഗിയുള്ള പരവതാനികള്‍ തുടങ്ങിയ അനുബന്ധ സുഖസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ബാര്‍, ഇന്‍ഡോര്‍ ഗെയിംസിനായുള്ള സ്ഥലങ്ങള്‍, വിശ്രമമുറികള്‍, മെഡിക്കല്‍ സൗകര്യം, റസ്‌റ്ററന്‍റുകള്‍, ഷോപ്പിംഗിനുള്ള സൗകര്യം, എടിഎം, സാറ്റലൈറ്റ് ഫോണ്‍ സൗകര്യം തുടങ്ങിയവയും ട്രെയിനിലുണ്ട്.

ഏഴ്‌ സുന്ദര രാത്രികള്‍: ഡൽഹിക്കും ആഗ്രയ്ക്കും പുറമെ രാജസ്ഥാനിലെ ജയ്പൂർ, ജോധ്പൂർ, സവായ്, മധോപുര്‍, ചിത്തോർഗഡ്, ഉദയ്പൂർ, ജയ്‌സാൽമീർ, ഭരത്പൂർ എന്നീ പ്രദേശങ്ങളിലൂടെ ഏഴ്‌ രാത്രികളും എട്ടു പകലുകളിലുമായാണ് യാത്ര. ഡല്‍ഹിയിലെ സഫ്‌ദര്‍ജങില്‍ നിന്ന് തുടങ്ങി പതിനൊന്ന് സ്‌റ്റോപ്പുകള്‍ താണ്ടി തിരിച്ച് അതേയിടത്തു തന്നെ തിരിച്ചെത്തുന്നതാണ് പാലസ്‌ ഓണ്‍ വീല്‍സിലെ രാജകീയ സവാരി.

അതേസമയം യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള വിനോദസഞ്ചാരികളെ സംബന്ധിച്ച് തുടര്‍ച്ചയായ ഏഴ് ദിവസത്തെ യാത്ര ഷെഡ്യൂൾ ആസൂത്രണം ചെയ്‌തുകൊണ്ടുള്ളതാവും. എന്നാല്‍ ഇന്ത്യൻ വിനോദസഞ്ചാരികളെ പരിഗണിച്ചാല്‍ ഇത് സ്വീകാര്യമാകുന്നില്ല എന്നത് മനസ്സിലാക്കി രണ്ട് മുതൽ നാല് ദിവസം വരെയുള്ള ചെറിയ പാക്കേജ് കൊണ്ടുവരാന്‍ രാജസ്ഥാന്‍ ടൂറിസം വകുപ്പ് പദ്ധതിയിടുന്നുണ്ട്. ഇതുവഴി നിരക്കുകള്‍ കുറയാനും കൂടുതല്‍ ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാനുമാകുമെന്നും വകുപ്പ് ചിന്തിക്കുന്നുണ്ട്.

ടിക്കറ്റ് നിരക്ക്: പാലസ്‌ ഓണ്‍ വീല്‍സിന്‍റെ ബുക്കിംഗ് നിരക്ക് രാജസ്ഥാന്‍ ടൂറിസം വകുപ്പിന്‍റെ ശുപാര്‍ശ പ്രകാരമുള്ളതാണ്. ഒരാള്‍ക്ക് ഒരു രാത്രിയിലെ നിരക്ക് എന്ന നിലയിലാണ് ഈ താരിഫ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ തന്നെ കൂടുതല്‍ യാത്രക്കാരെത്തുന്ന സമയമായ പീക്ക് സീസണില്‍ (ഒക്‌ടോബര്‍ 2019 മുതല്‍ മാര്‍ച്ച് 2020വരെ) ഇന്ത്യന്‍ പൗരന്മാരായ സിംഗിള്‍ ടൈപ് യാത്രക്കാര്‍ക്ക് ഒരു രാത്രി 51,900 രൂപയായിരുന്നു താരിഫ് നിരക്ക്.

വിദേശ പാസ്‌പോര്‍ട്ട് ഹോള്‍ഡര്‍മാര്‍ക്ക് ഇത് 865 യുഎസ് ഡോളര്‍ (ഉദ്ദേശം 71,189 ഇന്ത്യന്‍ രൂപ) വരും. ഇന്ത്യന്‍ പൗരന്മാരായ ഡബിള്‍ ടൈപ് യാത്രക്കാര്‍ക്ക് ഒരു രാത്രി 39,000 രൂപയും, വിദേശ പാസ്‌പോര്‍ട്ട് ഹോള്‍ഡര്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും 650 യുഎസ് ഡോളര്‍ (53,494 ഇന്ത്യന്‍ രൂപ) വീതവുമായിരുന്നു താരിഫ് നിരക്ക്.

പാലസ്‌ ഓണ്‍ വീല്‍സിലെ പ്രീമിയം ടൈപ്പായ സൂപ്പര്‍ ഡീലക്‌സ് സ്യൂട്ടില്‍ ഒരു ഇന്ത്യന്‍ പൗരന്‍ ഒരു രാത്രി 1,08,000 രൂപയും, വിദേശ പാസ്‌പോര്‍ട്ട് ഹോള്‍ഡര്‍ക്ക് 1800 യുഎസ് ഡോളര്‍ (ഉദ്ദേശം 1,48,139 ഇന്ത്യന്‍ രൂപയുമാണ്) താരിഫ് ഇനത്തില്‍ ഈടാക്കിയിരുന്നത്.

താരിഫിന് 'അകത്തും പുറത്തും': യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന ഈ താരിഫ് നിരക്കില്‍ യാത്ര, അനുബന്ധ കാഴ്‌ചകള്‍, ചരിത്ര സ്‌മാരകങ്ങളിലേക്കുള്ള പ്രവേശന ഫീസ്, കലാപരിപാടികള്‍, ജയ്‌സാൽമീറിലെ ഒട്ടക സവാരി, ഉദയ്‌പുരിലെ ബോട്ട് റൈഡ്, ഭരത്പൂരിലെ റിക്ഷ സവാരി എന്നിവ ഉള്‍പ്പെടും. ശീതള പാനീയങ്ങള്‍, മദ്യം, ടിപ്‌സ്, വസ്‌ത്രം അലക്ക്, ടെലിഫോണ്‍ കോള്‍ ചാര്‍ജ്, വീഡിയോ ക്യാമറ പ്രവേശന ഫീസ്, ബിസിനസ് കാര്‍ സൗകര്യം, സ്വകാര്യമായി വേണ്ടുന്ന വസ്‌തുവകകള്‍ എന്നിവ താരിഫില്‍ ഉള്‍പ്പെടില്ല.

ബുക്കിംഗ് എങ്ങിനെ: യാത്രക്കാര്‍ താരിഫ് തുകയുടെ 20 ശതമാനം ബുക്കിംഗ് കണ്‍ഫര്‍മേഷന്‍റെ സമയത്ത് അടക്കേണ്ടതുണ്ട്. താരിഫിലെ ബാക്കിയുള്ള 80 ശതമാനം തുക യാത്ര ആരംഭിക്കുന്നതിന്‍റെ 60 ദിവസങ്ങള്‍ക്ക് മുമ്പ് അടച്ചിരിക്കണം. അസൗകര്യങ്ങളോ, ബുദ്ധിമുട്ടുകളോ കാരണം യാത്ര ഉപേക്ഷിക്കുകയാണെങ്കില്‍ ഇത് സൂചിപ്പിച്ച് പാലസ്‌ ഓണ്‍ വീല്‍സിന് ഇ മെയിലോ ഫാക്‌സോ അയക്കണം.

തുടര്‍ന്ന് അടച്ച തുകയില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പരിഗണിച്ച് (ഉദാഹരണത്തിന്: യാത്ര ആരംഭിക്കുന്നതിന്‍റെ 90 ദിവസം മുമ്പാണെങ്കില്‍ 10 ശതമാനം ഈടാക്കും) ബാക്കി തുക റെയില്‍വേ തിരിച്ചുനല്‍കും.

Last Updated : Oct 14, 2022, 10:36 PM IST

ABOUT THE AUTHOR

...view details