ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്‌ത ജി20 ഉച്ചകോടിയുടെ ലോഗോയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യയാണ് അധ്യക്ഷത വഹിക്കുക. ഇതിന്‍റെ ഭാഗമായി പ്രധാനമന്ത്രി പ്രകാശനം ചെയ്‌ത ലോഗോയാണ് വിവാദത്തിന് കാരണമായത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ലോഗോയും പ്രമേയവും വെബ്‌സൈറ്റും പ്രകാശനം ചെയ്‌തത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ലോഗോയില്‍ ഇടംപിടിച്ചതിനെ ചൊല്ലി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇതോടെ വാക് പോര് തുടങ്ങി. ഇത്തരം ചെയ്‌തികളിലൂടെ ഇന്ത്യയുടെ ദേശീയ പുഷ്‌പത്തെ അവഹേളിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
താമര ചിഹ്നം ജി20 ലോഗോയുടെ ഭാഗമാണെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പ്രധാനമന്ത്രിക്കും പാര്‍ട്ടിക്കും സ്വയം പ്രചാരണം നടത്താന്‍ നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു. സ്വയം പ്രചാരം നേടാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും നരേന്ദ്ര മോദിയും പാര്‍ട്ടിയും പാഴാക്കില്ല.
ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ കാലത്ത് കോണ്‍ഗ്രസിന്‍റെ പതാകയെ രാജ്യത്തിന്‍റെ പതാകയാക്കാനുള്ള നീക്കത്തെ അദ്ദേഹം എതിര്‍ത്തിരുന്നു. ആ ചരിത്രമാണ് പാര്‍ട്ടിക്കുള്ളതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജയറാം രമേശ് പറഞ്ഞു. അതേ സമയം കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല രംഗത്തെത്തി.
1950-ൽ അന്നത്തെ കോൺഗ്രസ് സർക്കാർ താമരയെ ദേശീയ പുഷ്‌പമായി പ്രഖ്യാപിച്ചിട്ടുണ്ട്. ജി20 ലോഗോയില്‍ ഇടം പിടിച്ച താമര ചിഹ്നം ലക്ഷ്‌മി, സരസ്വതി ദേവതകളുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും താമര ലക്ഷ്‌മി ദേവിയുടെ (ആസന്‍) ഇരിപ്പിടമാണെന്നും നിങ്ങള്‍ ദേശീയ പുഷ്‌പത്തെ എതിര്‍ക്കുന്നുണ്ടോയെന്നും ബിജെപി ഷെഹാസാദ് പൂനാവാല ചോദിച്ചു. അതോടൊപ്പം കമല്‍നാഥിന്‍റെ പേരില്‍ നിന്ന് താമരയെന്ന് അര്‍ത്ഥം വരുന്ന 'കമല്‍' എടുത്ത് മാറ്റാന്‍ നിങ്ങള്‍ക്കാകുമോയെന്നും പൂനാവാല ചോദിച്ചു. രാജീവ് എന്ന വാക്കിന്‍റെ അര്‍ത്ഥവും അത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
1950ൽ അന്നത്തെ കോൺഗ്രസ് സർക്കാരാണ് താമരയെ ദേശീയ പുഷ്‌പമായി പ്രഖ്യാപിച്ചതെന്നും രമേശിന്‍റെ ജനനം 1954ൽ ആണെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. എല്ലാ ദേശീയ ചിഹ്നങ്ങളും അപകീര്‍ത്തിപ്പെടുത്താന്‍ എന്തിനാണ് കോണ്‍ഗ്രസെത്തുന്നതെന്നും മന്ത്രി ചോദിച്ചു.
ഡിസംബര്‍ ഒന്നിനാണ് ഒരു വര്‍ഷത്തേക്ക് ജി20 അധ്യക്ഷ പദം ഇന്ത്യ ഏറ്റെടുക്കുന്നത്. അർജന്‍റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ജി20 ഉച്ചകോടി.