ന്യൂഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയില്‍ ബിജെപിയ്‌ക്കും പ്രധാനമന്ത്രി മോദിയ്‌ക്കും എതിരെ രൂക്ഷമായ വിമർശനമാണ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തൊടുത്തുവിട്ടത്. എംപി സ്ഥാനം തിരികെ ലഭിച്ച് വീണ്ടും പാർലമെന്‍റിൽ എത്തിയപ്പോൾ അദ്ദേഹത്തിന് പിന്നില്‍ അമ്മ സോണിയ ഗാന്ധിയും നിലയുറപ്പിച്ചിരുന്നു. മണിപ്പൂരിലെ അക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുന്നതിന് മുമ്പ്, സോണിയ ഗാന്ധിയാണ് മകന് ഉപദേശമായി കുറിപ്പുകൾ കൈമാറാനുള്ള ചുമതല നിശബ്‌ദമായി ഏറ്റെടുത്തത്.
അതേസമയം അയോഗ്യത നീങ്ങിയ ശേഷമുള്ള തിരിച്ചുവരവില്‍ ലോക്‌സഭ സ്‌പീക്കർക്ക് നന്ദി പറഞ്ഞാണ് രാഹുല്‍ പ്രസംഗത്തിന് തുടക്കമിട്ടത്. അദാനിയെ കുറിച്ച് ഇന്ന് ഒന്നും പറയില്ലെന്ന് പറഞ്ഞുതുടങ്ങിയ അദ്ദേഹം പ്രധാനമന്ത്രിയെ പരിഹസിക്കാനും മറന്നില്ല. രാജ്യത്തെ അറിഞ്ഞുള്ള യാത്ര അവസാനിച്ചിട്ടില്ലെന്നും രാജ്യത്തെ മനസിലാക്കാൻ ഭാരത് ജോഡോ യാത്ര തുടരുമെന്നും ലോക്‌സഭയില്‍ പറഞ്ഞ രാഹുല്‍ ഗാന്ധി ഇന്നത്തെ പ്രസംഗം രാഷ്‌ട്രീയമല്ലെന്നും വ്യക്തമാക്കിയിരുന്നു.
'അദാനിയെ കുറിച്ച് ഒന്നും പറയില്ല':പ്രസംഗത്തില്‍ അദാനിയെ കുറിച്ച് പരാമർശിച്ച വേളയിൽ അദാനിയെ കുറിച്ച് ഞാൻ ഇവിടെ മുൻപ് പറഞ്ഞത് നിങ്ങളുടെ മുതിർന്ന നേതാവിന് വേദനയുണ്ടാക്കി എന്നാണ് രാഹുല്‍ ഗാന്ധി പരിഹാസ രൂപേണ പറഞ്ഞത്. ഇന്ന് അദാനിയെ കുറിച്ച് ഞാൻ ഒന്നും പറയില്ലെന്ന് പറഞ്ഞ ശേഷമാണ് അദ്ദേഹം മണിപ്പൂർ വിഷയത്തിലേക്ക് കടന്നത്.
മണിപ്പൂരിലെത്തി അവിടുത്തെ സ്ത്രീകളും കുട്ടികളുമായി താൻ സംസാരിച്ചിരുന്നെന്നും പ്രധാനമന്ത്രി ഇതുവരെ അത് ചെയ്‌തില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. മണിപ്പൂരില്‍ നിങ്ങൾ വധിച്ചത് എന്‍റെ അമ്മയെയാണ്. നിങ്ങൾ ദേശ സ്‌നേഹികളല്ല, രാജ്യദ്രോഹികളാണ്'- രാഹുൽ പറഞ്ഞു. ഈ സർക്കാരിന്‍റെ രാഷ്ട്രീയമാണ് മണിപ്പൂരില്‍ ഇന്ത്യയെ കൊന്നതെന്നും താൻ മണിപ്പൂർ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും സത്യത്തില്‍ മണിപ്പൂർ ഇപ്പോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാൻ സർക്കാർ ഇന്ത്യൻ സേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.