ന്യൂഡല്‍ഹി: കടുത്ത പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടയിലും ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബിൽ പാസാക്കി ലോക്‌സഭ. ഡല്‍ഹി സര്‍വീസസ് ഓര്‍ഡിനന്‍സിന് പകരമായി ഭേദഗതി ബില്‍ എന്ന തരത്തിലെത്തിയ ബില്ലാണ് ലോക്‌സഭയില്‍ വ്യാഴാഴ്‌ച ശബ്‌ദവോട്ടോടെ പാസാക്കിയത്. ബില്‍ പാസായതായി അറിയിച്ചതോടെ പ്രതിപക്ഷ എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിയമനം, ട്രാന്‍സ്‌ഫര്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഡല്‍ഹി സര്‍വീസസ് ബില്‍.
രോഷാകുലനായി കെജ്‌രിവാള്‍: ലോക്‌സഭ പാസാക്കിയ ബില്‍ ഡൽഹിയിലെ ജനങ്ങളെ അടിമകളാക്കുന്നതാണെന്നറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. ഡല്‍ഹിയിലെ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ബില്ലിനെക്കുറിച്ച് അമിത് ഷാ ജി ഇന്ന് ലോക്‌സഭയിൽ സംസാരിക്കുന്നത് ഞാന്‍ കേട്ടു. ബില്ലിനെ പിന്തുണയ്‌ക്കാന്‍ ന്യായമായ ഒരു വാദവും അവര്‍ക്കില്ല. അവര്‍ ചെയ്യുന്നത് തെറ്റാണെന്നും അവര്‍ക്ക് നന്നായി അറിയാം. ഈ ബില്‍ ഡല്‍ഹിയിലെ ജനങ്ങളെ അടിമകളാക്കാനുള്ള ബില്ലാണെന്നും ഈ ബില്‍ അവരെ ഒന്നുകൂട്ടി നിസ്സഹായരും ആശ്രയമില്ലാത്തവരുമാക്കിയെന്നും അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഇത് സംഭവിക്കാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നില്‍ നിന്ന് കുത്തേറ്റു:തൊട്ടുപിന്നാലെ, എഎപി ബിജെപി പ്രകടനപത്രികയില്‍ നിന്നും കോപ്പിയടിച്ച 'ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി', 'ഡല്‍ഹി പൊലീസ് സംസ്ഥാന സര്‍ക്കാരിന് കീഴില്‍' തുടങ്ങിയ കാര്യങ്ങളെ ചൂണ്ടിക്കാണിച്ച് സംസ്ഥാന ബിജെപി 2013 ഡിസംബര്‍ രണ്ടിന് ഔദ്യോഗികമായി പങ്കുവച്ച ട്വീറ്റ് ഉള്‍പ്പെടുത്തി മറ്റൊരു ട്വീറ്റുമായും അരവിന്ദ് കെജ്‌രിവാള്‍ എത്തി. ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് ബിജെപി ഓരോതവണയും വാക്കുനല്‍കിയതാണ്. പ്രധാനമന്ത്രിയായപ്പോള്‍ മോദിയും പറഞ്ഞിരുന്നു അദ്ദേഹം ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന്. എന്നാല്‍ ഇന്ന് ഇവര്‍ ഡല്‍ഹിയിലെ ജനങ്ങളെ പുറകില്‍ നിന്ന് കുത്തിയെന്നും കെജ്‌രിവാള്‍ ട്വീറ്റില്‍ വിമര്‍ശിച്ചു.