ഭുവനേശ്വർ: വൃത്തിയുള്ള അന്തരീക്ഷം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പ്രത്യേകിച്ചും അത് സ്വന്തം വീടാകുമ്പോൾ. സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ച കാലഘട്ടത്തില്‍ വീടും പരിസരവും വൃത്തിയാക്കാൻ നിരവധി ഉപകരണങ്ങൾ നമുക്കു ലഭ്യമാണ്. പക്ഷേ തുച്ഛമായ വിലയും ഉപയോഗിക്കാൻ സൗകര്യവും കണക്കാക്കുമ്പോൾ ചൂലിനോളം പ്രാധാന്യം മറ്റൊന്നിനും ഉണ്ടാകാനിടയില്ല. അതുകൊണ്ടുതന്നെ ചൂല്‍ നിർമാണത്തിലൂടെ ജീവിതമാർഗം കണ്ടെത്തുന്ന ഒഡിഷ സംസ്ഥാനത്തെ റായ്‌ഗഡിലെ വീട്ടമ്മമാർ ഇന്ന് ലോകശ്രദ്ധ ആകർഷിക്കുകയാണ്.
ലോകമറിയട്ടെ ചൂലുകൾ കൊണ്ട് ജീവിതം തുന്നിച്ചേർത്ത റായ്ഗഡയുടെ വിജയ കഥ നിങ്ങള്‍ ലോകത്തിന്‍റെ ഏത് കോണിലായാലും ഇനി മുതല്‍ റായ്‌ഗഡ് ചൂലുകള്‍ നിങ്ങളുടെ വീട്ടുമുറ്റത്തെത്തും. ആഗോള ഇ-വാണിജ്യ വേദിയായ ആമസോണിലും റായ്‌ഗഡിലെ ചൂലുകൾ ലഭ്യമാകാന്‍ തുടങ്ങിയിരിക്കുന്നു. ബാര്‍കോഡ് സംവിധാനം വരുന്നതോടെ അടുത്ത മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ റായ്ഗഡയില്‍ നിന്നുള്ള ചൂലുകള്‍ ഇ-വിപണിയിലും ലഭ്യമാകും.
ഒഡിഷയിലെ തെക്കന്‍ മലയോര പ്രദേശങ്ങളായ കോറാപുട്ട്, കലഹന്ദി, മല്‍ക്കാന്‍ഗിരി, റായഗഡ ജില്ലകളിലാണ് മൃദുവായ ചൂലുകള്‍ വന്‍ തോതില്‍ നിര്‍മിക്കുന്നത്. ആദിവാസി വിഭാഗത്തില്‍ പെട്ടവർ കാട്ടില്‍ നിന്ന് ശേഖരിക്കുന്ന വസ്തുക്കൾ ഉണക്കി തൊലി കളഞ്ഞ് ചൂലുകളാക്കി മാറ്റും. ഗ്രാമീണ സ്ത്രീകൾ അത് ചില്ലറ വിപണിയില്‍ കൊണ്ടു പോയി വില്‍ക്കും. എന്നാല്‍ ഇവരില്‍ മിക്കവരും നിരക്ഷരരും നിഷ്‌കളങ്കരുമായതിനാല്‍ കിട്ടിയ വിലയ്ക്ക് ചൂലുകള്‍ വില്‍ക്കുകയാണ് പതിവ്. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുകള്‍ക്ക് ശേഷം ചൂലുകൾക്ക് നല്ല വില ലഭിക്കാൻ തുടങ്ങി.
രണ്ടോ മൂന്നോ മാസങ്ങള്‍ മാത്രമാണ് സാധാരണ ചൂലുകളുടെ കാലാവധി. അത് കഴിഞ്ഞാല്‍ അവ നശിച്ചു പോകും. എന്നാല്‍ റായ്ഗഡയില്‍ നിര്‍മിക്കുന്ന മൃദുവായ ചൂലുകള്‍ വളരെ കാലം നിലനില്‍ക്കുന്നവയാണ്. അതുകൊണ്ടു തന്നെ അവയുടെ ആവശ്യവും കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നു. അതിനാല്‍ ഗ്രാമീണ സ്ത്രീകള്‍ക്ക് ഈ ചൂലുകള്‍ ഉണ്ടാക്കുന്നതിനുള്ള പരിശീലന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും അതോടൊപ്പം എങ്ങനെ ഇത് വിപണനം ചെയ്യാമെന്ന് അവരെ പഠിപ്പിക്കുന്നതിന് വേണ്ട എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടം നടത്തി വരികയാണ്. ഇവ മികച്ച രീതിയില്‍ പ്രായോഗികമാവുകയും അവയ്ക്ക് അനുയോജ്യമായ വിപണന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്താല്‍ രാജ്യത്തും വിദേശത്തുമുള്ള ഓരോ വീടുകളിലും റായ്ഗഡിലെ ചൂലുകള്‍ എത്തിച്ചേരുമെന്ന കാര്യം ഉറപ്പാണ്.