മുംബൈ: അഹമദ് നഗറിലെ നിംഭാരി ഗ്രാമത്തിൽ മിടുക്കനായ ഒരു എഞ്ചിനീയറിങ് വിദ്യാർഥിയുണ്ട്. യുവരാജ് ജനാര്‍ദ്ദന്‍ പവാര്‍ എന്നാണ് അവന്‍റെ പേര്. പഠനം പൂർത്തിയാക്കുന്നതിന് മുൻപേ അവൻ നിർമിച്ചത് ഒരു നാലുച്ചക്ര വാഹനമാണ്. വിന്‍റേജ് കാറിന് സമാനമായ വാഹനം പള്‍സര്‍ മോട്ടോര്‍ ബൈക്കിന്‍റെ എഞ്ചിന്‍ ഉപയോഗിച്ചാണ് യുവരാജ് നിർമിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന അനുജൻ പ്രതാപാണ് പ്രധാന സഹായി. ലോക്ക് ഡൗണിലാണ് ഇരുവരും ചേര്‍ന്ന് 150 സിസി ബൈക്കിനെ വിന്‍റേജ് കാറായി രൂപമാറ്റം വരുത്തിയത്.
പൾസർ ബൈക്കിനെ വിന്‍റേജ് കാറാക്കിയ യുവാവ് - local car from pulsar bike
150 സിസി ബൈക്കിനെ വിന്‍റേജ് കാറായി രൂപമാറ്റം വരുത്തിയത് എഞ്ചിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയായ യുവരാജ് ജനാര്‍ദ്ദനനാണ്
വളരെ ചെറിയ പ്രായത്തിലാണ് യുവരാജ് കാറുണ്ടാക്കിയത്. മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാർഥിയാണ് യുവരാജ്. ഇരുചക്ര വാഹനത്തിന്‍റെ എഞ്ചിന്‍ ഉപയോഗിച്ചാണ് കാര്‍ നിർമിച്ചതെങ്കിലും റിവേഴ്‌സ് ഗിയറും അതിനുണ്ട്. നാലു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും കഴിയും.
എഞ്ചിനീയറിങ്ങിൽ ബിരുദം പോലും പൂര്‍ത്തിയാക്കാത്ത യുവരാജിന്‍റെ പ്രവൃത്തി മറ്റുള്ളവർക്ക് മാതൃകയാണ്. എഞ്ചിനീയറിങ് ബിരുദം ഉണ്ടായിട്ടും ഒന്നും ചെയ്യാതിരിക്കുന്ന പലര്‍ക്കും ഒരു വലിയ മാതൃക. ശരിക്കും എഞ്ചിനീയറെന്ന് വിളിക്കാം, യുവരാജ് പവാറിനെ പോലുള്ള മിടുക്കരെ..