ചെന്നൈ:സംസ്ഥാനം ഭീതിയോടെയും സർവസന്നാഹങ്ങളോടെയും കാത്തിരുന്ന നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. വ്യാഴാഴ്‌ച പുലർച്ചെ പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയിലാണ് നിവാർ കര തൊട്ടത്. ചുഴലിക്കാറ്റ് തീരത്ത് പ്രവേശിച്ചതിനെ തുടർന്നുണ്ടായ കനത്ത മഴയിൽ പുതുച്ചേരിയിൽ മണ്ണിടിച്ചിലുണ്ടായി.
നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു ആളപായങ്ങൾ സംഭവിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. 120-130 കിലോമീറ്റർ വേഗതയിലാണ് പുതുച്ചേരിയിൽ കാറ്റുവീശുന്നത്. എന്നാൽ അടുത്ത ആറ് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റിന്‍റെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ പലയിടങ്ങളിലായി കെട്ടിടങ്ങളുടെ ചുമരുകൾ തകർന്നു വീണതായി റവന്യൂ മന്ത്രി ആർ.ബി ഉദയകുമാർ അറിയിച്ചു. മറ്റ് നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നാണ് വിവരം. സംസ്ഥാനത്ത് ഏതാണ്ട് 2.5 ലക്ഷത്തിലധികം ആളുകളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അതേസമയം തമിഴ്‌നാട്ടിൽ കനത്ത മഴ തുടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
മഴയിലും കാറ്റിലും കനത്ത നാശനഷ്‌ടം മഴയെ തുടർന്ന് ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടഞ്ഞു കിടക്കുകയാണ്. തലസ്ഥാനത്ത് വൈദ്യുതി വിതരണവും നിലച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. രണ്ടുദിവസമായി പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായി.
കൂടുതൽ വായിക്കാൻ: നിവാർ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ 13 ജില്ലകളിൽ പൊതു അവധി, അർധരാത്രി നിർണായകം